മാമി തിരോധാനക്കേസ്; പി.വി അൻവറിന്റെ വെളിപ്പെടുത്തലോടെ പൊലീസ് ഉന്നതരെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് കുടുംബം
|മാമിയെന്ന കോഴിക്കോട്ടേ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നതായിരിക്കാമെന്നാണ് എം.എൽ.എ പറഞ്ഞത്
കോഴിക്കോട്: പി.വി അന്‍വർ എം.എൽ.എയുടെ വെളിപ്പെടുത്തലോടെ മാമി തിരോധാനക്കേസില്‍ അന്വേഷണം നിലച്ചെന്ന സംശയം ബലപ്പെട്ടെന്ന് മാമിയുടെ കുടുംബം. പ്രത്യേക അന്വേഷണ സംഘത്തലവനിലും എ.ഡി.ജി.പിയിലും വിശ്വാസം നഷ്ടപ്പെട്ടു. ദുരൂഹതയുടെ ചുരുളഴിയാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും മാമിയുടെ മകള്‍ അദീബയും സഹോദരി റംല ആട്ടൂരും മീഡിയവണിനോട് പറഞ്ഞു.
‘മാമിയെന്ന കോഴിക്കോട്ടേ കച്ചവടക്കാരനെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നതായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്വേഷണം എങ്ങുമെത്തിയില്ല. കേസ് അനങ്ങിയിട്ടില്ല, അത് അനങ്ങൂല. അതും ഈ സംഘവുമായി ബന്ധപ്പെട്ട വിഷയമാണ്’ എഡിജിപി അജിത്ത്കുമാറിനെതിരെ ആരോപണമുന്നയിക്കുന്നതിനൊപ്പം പി.വി അന്‍വർ പറഞ്ഞ ഈ വാക്കുകളാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ കുടുംബത്തിന്റെ സംശയം ഇരട്ടിപ്പിക്കുന്നത്.
മാമിക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ മലപ്പുറം എസ്.പി യാണ്. സംഘത്തിനെ നിയോഗിച്ചതാകട്ടെ എഡിജിപി അജിത്ത്കുമാറും. കേസന്വേഷിച്ച സി.ഐ യില്‍ അവിശ്വാസം പ്രകടിപ്പിച്ച കുടുംബത്തിന് ഇപ്പോള്‍ പൊലീസ് ഉന്നതരെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സി.ബി.ഐ അന്വേഷണത്തിനായി കുടുംബം കോടതിയെ സമീപ്പിച്ചിട്ടുണ്ട്. ഈ മാസം 4 ന് കേസ് പരിഗണിക്കുമ്പോള്‍ പുതിയ സാഹചര്യം കൂടി കോടതിയെ അറിയിക്കും. പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും കുടുംബവും ആക്ഷന്‍ കമ്മറ്റിയും ആലോചിക്കുന്നു.