Kerala
ഫാസിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും; ലീഗ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കെ.ടി ജലീൽ
Kerala

''ഫാസിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും''; ലീഗ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കെ.ടി ജലീൽ

Web Desk
|
20 Feb 2022 10:36 AM GMT

കഴിഞ്ഞ ദിവസമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി ജലീൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകൾ പുറത്തുവന്നത്

മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകൾക്കു പിറകെ വിശദീകരണവുമായി കെ.ടി ജലീൽ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫാസിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുമെന്നും ജലീൽ സൂചിപ്പിച്ചു. കുറിപ്പില്‍ കുഞ്ഞാലിക്കുട്ടിക്കു പുറമെ എം.പിമാരും മുതിര്‍ന്ന ലീഗ് നേതാക്കളുമായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി എന്നിവര്‍ക്കൊപ്പമെല്ലാം വേദിപങ്കിട്ട ചിത്രങ്ങളും ജലീല്‍ പങ്കുവച്ചിട്ടുണ്ട്.

രാഷ്ട്രീയ നിലപാടുകൾ വേറെ, സൗഹൃദം വേറെ. പൊതുരംഗത്തുള്ളവർ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തിൽ ചിന്തിക്കുന്നവരുടെ ധർമം. ഭൂരിപക്ഷ വർഗീയത തിമിർത്താടുമ്പോൾ മതേതരവാദികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്-ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ വ്യക്തമാക്കി.

മർദിത-ന്യൂനപക്ഷ സമുദായങ്ങളും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാർത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അത് ശക്തിപ്പെടുകയും പൂർണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാസിസ്റ്റുകൾ മാത്രം ഒരു ചേരിയിലും ഫാസിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങനെ കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ജലീൽ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കുഞ്ഞാലിക്കുട്ടിയുമായി ജലീൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകൾ പുറത്തുവന്നത്. കള്ളപ്പണ ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്നും തന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്നും കൂടിക്കാഴ്ചയിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. കുറ്റിപ്പുറത്ത് വച്ച് കൂടിക്കാഴ്ച നടന്നെന്നാണ് വിവരം. പിന്നാലെ തിരുവനന്തപുരത്തും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാർത്തകൾ കുഞ്ഞാലിക്കുട്ടിയും തള്ളിയിട്ടില്ല. തങ്ങൾ പണ്ടും കണ്ടാൽ മിണ്ടാറുണ്ടെന്നും ഇപ്പോഴും അങ്ങനെത്തന്നെയാണുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

എ.ആർ നഗർ സഹകരണബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടി 300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ജലീൽ ആരോപിച്ചിരുന്നു. മുതിർന്ന മുസ്്‌ലിം ലീഗ് നേതാക്കളുടെയടക്കം പേരുകളിൽ അവരറിയാതെ കോടികൾ ബാങ്കിൽ നിക്ഷേപിച്ചതായും ആരോപണമുണ്ടായിരുന്നു. ഇതിന്റെ രേഖകൾ ജലീൽ പുറത്തുവിടുകയും സംഭവത്തിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Summary: ''The fascists will line up in one side and all the anti-fascists in the other side very soon''; Says KT Jaleel sharing pictures with Muslim league leaders

Similar Posts