ഡോ.വന്ദന കൊലക്കേസ്; സി.ബി.ഐ അന്വേഷണം തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് പിതാവ്
|കേസ് അന്വേഷണത്തിൽ കുടുംബത്തിന് സംശയമുണ്ട്
കോട്ടയം: ഡോക്ടർ വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തള്ളിയതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് പിതാവ് മോഹൻദാസ്. കേസ് അന്വേഷണത്തിൽ കുടുംബത്തിന് സംശയമുണ്ട് . അതിനാലാണ് സംസ്ഥാനത്തിന് പുറത്തുള്ള എജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്തിനാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു.
പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് വന്ദനയുടെ അച്ഛന്റെ ഹരജി കോടതി തള്ളിയത്. വന്ദനയെ സന്ദീപ് കുത്തിയ ദിവസം തന്നെ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാനായിരുന്നുവെന്നായിരുന്നു ഹരജിയിൽ പിതാവ് ചൂണ്ടിക്കാട്ടിയത്. കാര്യക്ഷമമായി അന്വേഷണം നടക്കാൻ കേസ് സി.ബി.ഐയ്ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. പൊലീസിന്റെ ഇടപെടൽ ആവശ്യമുള്ള ക്രിമിനൽ പശ്ചാത്തലം സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
89 ദിവസം കൊണ്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരയുടെ മാതാപിതാക്കളെ ഏതു സാഹചര്യത്തിലും കേൾക്കാൻ തയാറാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വിചാരണാ നടപടിക്രമങ്ങൾ ആരംഭിക്കാൻ സർക്കാർ തയാറാണ്. സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെ വന്ദനയുടെ മാതാപിതാക്കളുടെ അഭിപ്രായം തേടുമെന്ന് സർക്കാർ അറിയിച്ചതുകൊണ്ട് കേസ് സി.ബി.ഐയ്ക്കു വിടേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
2023 മേയ് 10നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപ് ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു.പി സ്‌കൂൾ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. സംഭവത്തിനു പിന്നാലെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.