അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഫെഡറൽ ബാങ്ക് പിൻവലിച്ചു
|മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
ആലപ്പുഴ: അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഫെഡറൽ ബാങ്ക് പിൻവലിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന്‍റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയാണ് ബാങ്ക് പിൻവലിച്ചത്. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
ഗുജറാത്ത് പൊലീസിൽ നിന്നുള്ള കത്ത് ലഭിച്ചതിന് പിന്നാലെയെന്ന് ബാങ്ക് നടപടി പിൻവലിച്ചത്. ബാങ്ക് ഉദ്യോഗസ്ഥർ ഗുജറാത്തിൽ പോയിരുന്നുവെന്നും ബാങ്ക് അധികൃതർ അറിയിച്ചു. യുപിഐ ഇടപാട് നടത്തിയ 300 രൂപ ഒഴികെ ബാക്കി തുക ഇസ്മായിലിന് ലഭിക്കും. ഇസ്മായിലിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് മരവിപ്പിക്കൽ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയത്.
ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിൽ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നായിരുന്നു ബാങ്ക് അധികൃതർ അറിയിച്ചത്.
300 രൂപ മൂലം വീട് നിർമാണത്തിനുള്ള നാല് ലക്ഷം രൂപ പിൻവലിക്കാനാകാതെ ദുരിതത്തിലായിരുന്നു അരിപ്പത്തിരി കച്ചവടക്കാരനായ ഇസ്മായിൽ. തൃക്കുന്നപ്പുഴ പാനൂർ സ്വദേശിനിയായ യുവതി അരിപ്പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിൾ പേ വഴി അയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പണം അയച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ കേസുണ്ടെന്നാണ് അമ്പലപ്പുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈ മലർത്തുകയായിരുന്നു.