ഹരിതവിപ്ലവത്തിന് പാതിവഴിയിൽ അന്ത്യം
|യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലോ ദേശീയ കമ്മിറ്റിയിലോ ഉള്‍പ്പെടുത്തണമെന്ന നജ്മയുടെയും തഹ്ലിയയുടേയും ആവശ്യം എം.കെ മുനീറിന്‍റെയും പി.എം.എ സലാമിന്‍റയും ശക്തമായ എതിർപ്പിനെ തുടർന്നാണ് തള്ളിയത്
മുസ്‍ലിം ലീഗിലെ 'പുരുഷാധിപത്യ'ത്തിനെതിരെ ഹരിത നേതാക്കളായ നജ്മ തബ്ഷീറയും ഫാത്തിമ തഹ്‍ലിയയും നടത്തിയ 'പോരാട്ടം' ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചു. എം എസ് എഫ് പ്രസിഡണ്ട് പി.കെ നവാസ് പാർട്ടി കമ്മിറ്റിയില്‍ അശ്ലീല ഭാഷയില്‍ ആക്ഷേപിച്ചുവെന്ന നജ്മയുടെ പരാതി വനിതാ കമ്മീഷനും പിന്നീട് പൊലീസും അന്വേഷിച്ച് ഇപ്പോള്‍ കോടതിയിലാണ്. സംഘടനാ പദവികളിലേക്ക് തിരിച്ചു വരാൻ ഈ പരാതി പിൻവലിക്കാമെന്ന് പരാതിക്കാർ പാർട്ടിയെ അറിയിക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു വിവാദത്തിനാണ് ഇതോടെ അന്ത്യമാവുന്നത്. കേസ് പിന്‍വലിക്കണമെന്ന വ്യവസ്ഥ നജ്മ അംഗീകരിച്ചു. ഫാത്തിമ തഹ്‍ലിയയും മുഫീദ തസ്നിയും മാപ്പെഴുതി നല്‍കുകയും ചെയ്തതോടെ മുസ്‍ലിം ലീഗ് നേതൃത്വം സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലോ ദേശീയ കമ്മിറ്റിയിലോ ഉള്‍പ്പെടുത്തണമെന്ന നജ്മയുടെയും തഹ്ലിയയുടേയും ആവശ്യം എം.കെ മുനീറിന്‍റെയും പി.എം.എ സലാമിന്റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് തള്ളിയത്.
മൂവരും പാർട്ടിയുടെ ശാഖാ കമ്മിറ്റിയില്‍ പ്രവർത്തിക്കണമെന്നാണ് പാർട്ടി നല്‍കിയ നിർദേശം. പദവികള്‍ പിന്നീട് അനുവദിക്കാമെന്ന വാഗ്ദാനം മൂവർക്കും പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പാർട്ടിയിലെ പ്രധാനികളില്‍ പലരും എതിർപ്പ് തുടരുകയാണ്.
പി കെ നവാസിൻ്റെ കീഴിലുള്ള എം.എസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെയാണ് ഹരിത സംഘം പോരാട്ടം പ്രഖ്യാപിച്ചത്. മാധ്യമങ്ങളുടെയും ഇടതുപക്ഷത്തിൻ്റെയും ലിബറൽ ബുദ്ധിജീവി നിരയുടെയും പൂർണ പിന്തുണ ഹരിതനേതാക്കൾക്ക് ലഭിച്ചതോടെ ലീഗും എം.എസ്. എഫ് നേതൃത്വവും പതറുകയായിരുന്നു. എന്നാൽ വിവാദങ്ങൾ അടങ്ങിയതോടെ എം.എസ്. എഫിനെ സംഘടനപരമായി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയായിരുന്നു പി.കെ നവാസ്. 'വേര്' എന്ന തലക്കെട്ടിൽ നടന്ന കാമ്പയിൻ ഇതിനായി ഉപയോഗപ്പെടുത്തി. കാമ്പസിൽ എസ്.എഫ്.ഐ ലിബറലിസവും ലൈംഗിക അരാജകത്വവും നടപ്പാക്കുകയാണെന്ന വിമർശനം ഉന്നയിക്കുകയും അത് വലിയ രാഷ്ട്രീയ പ്രചാരണമാക്കുകയും ചെയ്തു. മുസ്‍ലിം മത സംഘടനകളുടെ പിന്തുണയും ഇതിലൂടെ പി.കെ നവാസ് നേടിയെടുത്തു. കാമ്പസിൽ ലിബറലിസത്തിന് പിന്തുന്ന നൽകുന്ന അതേ സംഘങ്ങളാണ് വിമത ഹരിത നേതൃത്വത്തെയും പിന്തുണക്കുന്നത് എന്ന കാര്യം പി.കെ നവാസ് പക്ഷം സവിശേഷമായി ഉന്നയിച്ചു.
'വേര് ' കാംപയിന്‍റെ സമാപനമായി കോഴിക്കോട് നടത്തിയ സമ്മേളനത്തില്‍ പന്ത്രണ്ടായിരത്തോളം പേർ പങ്കെടുത്തു . ആയിരത്തിലധികം പെണ്‍കുട്ടികളും പങ്കെടുത്തതോടെ സംഘടനാ നേതൃത്വത്തിന് പുതിയ ആത്മ വിശ്വാസം ലഭിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി 2022 ലും 2023 ലും നടന്ന കാംപസ് തെരഞ്ഞെടുപ്പുകളില്‍ മലബാറിലും പുറത്തും എം എസ് എഫ് വലിയ മുന്നേറ്റമുണ്ടാക്കി. മലപ്പുറത്തെ വനിതാ കാംപസുകളിൽ പോലും എംഎസ്എഫ് വന്‍ വിജയം നേടി.
മുസ്‍ലിം ലീഗില്‍ പുരുഷാധിപത്യമാണെന്നും പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ച ഹരിത വിമതർ കെഎംസിസി വേദികളിലൂടെ പാർട്ടി പരിപാടികളില്‍ എപ്പോഴുമുണ്ടായിരുന്നു.സാദിഖലി തങ്ങളോടും പി കെ നവാസിനോടും വിയോജിപ്പുള്ളവർ നജ്മക്കും തഹ്‍ലിയക്കും വേദികള്‍ നല്‍കി. കെഎംസിസി പ്രത്യേക താത്പര്യമെടുത്തതോടെ തഹ്ലിയ നിരന്തം വിദേശ യാത്രകള്‍ നടത്തി പ്രസംഗങ്ങള്‍ നടത്തി. ഇടതു ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും വലിയ ലാളന ലഭിച്ച നജ്മയും വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു.
നിരന്തരം വേദികള്‍ ലഭിച്ചു. പാർട്ടി നടപടി നേരിട്ടെങ്കിലും സാമൂഹ്യ അംഗീകാരമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ നജ്മ അതുപോലെ മുന്നോട്ട് പോയി. ഒരു പോരാളി പ്രതിച്ഛായ സൃഷ്ടിച്ച അവർ പാർട്ടിയുമായി വിട്ടുവീഴ്ചക്കില്ലെന്ന സന്ദേശം നിരന്തരം നല്‍കി .ഹരിത വിവാദ കാലത്ത് സാദിഖലി തങ്ങളെയും പി എം എ സലാമിനെയും രൂക്ഷ ഭാഷയിലാണ് നജ്മ തബ്ഷീറ വിമർശിച്ചത്.
നജ്മയോട് പൊറുക്കാനാവില്ലെന്ന സാദിഖലി തങ്ങളുടെ നിലപാട് മയപ്പെടാന്‍ അതുകൊണ്ടു തന്നെ ഏറെ സമയമെടുത്തു. എന്നാൽ കേസ് പിൻവലിച്ചു പാർട്ടി പദവികളിലേക്ക് ഇവർ തിരിച്ചെത്തുന്നതോടെ ദീർഘമായ ആ അധ്യായത്തിനാണ് തിരശീല വീഴുന്നത്.പി കെ ഫിറോസിന്‍റെയും ടി പി അഷ്റഫലിയുടെയും പിന്തുണയോടെയാണ് തഹ്ലിയയും നജ്മയും പി.കെ നവാസിനും പിന്നീട് പാർട്ടി നേതൃത്വത്തിനുമെതിരെ കലാപത്തിനിറങ്ങിയത്.പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടതോടെ പി.കെ ഫിറോസ് പിന്‍മാറി. നജ്മ പോരാട്ടം തുടർന്നെങ്കിലും തഹ്ലിയക്ക് അതിന് താത്പര്യമില്ലായിരുന്നു.പ്രശ്നം പരിഹരിക്കാനായി തഹ്ലിയ നിരന്തരം പിന്‍വാതില്‍ വഴി ശ്രമം നടത്തിയെങ്കിലും നേതൃത്വം വഴങ്ങിയില്ല.
എളുപ്പം പൊറുക്കാനാവാത്ത പാതകമാണ് 'ഹരിത' സംഘം ചെയ്തതെന്ന നിലപാടിലായിരുന്നു നേതൃത്വം.പിന്നീട് മുസ്ലിം ലീഗിന്റെ ചെന്നൈ സമ്മേളന കാലത്ത് തഹ്ലിയ നേതാക്കളെ കണ്ട് നിരുപാധികം തെറ്റ് ഏറ്റു പറഞ്ഞു.തഹ്ലിയയുമായുള്ള പ്രശ്നം തീർന്നെങ്കിലും പാർട്ടി ഘടകത്തിലൊന്നും അവരെ എടുത്തില്ല. പിന്നീട് വനിതാ ലീഗിന്‍റെ ഭാരവാഹിത്വത്തിലേക്ക് അവരെ ക്ഷണിച്ചെങ്കിലും അവർ താത്പര്യമെടുത്തില്ല.യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിലായിരുന്നു അവരുടെ താത്പര്യം.
അപ്പോഴൊന്നും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന നജ്മ തബ്ഷീറ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളായ ലീഗ് അംഗങ്ങളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ ഭാരവാഹിയായി. പി കെ നവാസിനെതിരായ കേസ് പിന്‍വലിച്ച് പാർട്ടിക്ക് വഴങ്ങാമെന്ന ഉറപ്പ് ഉമർ അറക്കല്‍ അടക്കമുള്ള പാർട്ടി നേതാക്കള്‍ക്ക് നജ്മ നല്‍കിയതാണ്. ഈ ധാരണ പിന്നീട് തെറ്റി.
മാർച്ച് ആദ്യ വാരം മുതല്‍ വീണ്ടും നടന്ന ചർച്ചകള്‍ക്ക് പിറകേയാണ് ഇപ്പോഴത്തെ ധാരണകള്‍ രൂപപ്പെട്ടത്. നജ്മയ്ക്കും തഹ്ലിയക്കും പിറകേ എം.എസ്. എഫ് നേതൃത്വത്തിന് എതിരെ കലാപം സൃഷ്ടിച്ച് എംഎസ്എഫില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ലത്തീഫ് തുറയൂരും കെ എം ഫവാസും.ലീഗില്‍ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയാവുകയും ചെയ്ത കെ എസ് ഹംസക്കൊപ്പമാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്.
എ ആർ നഗർ ബാങ്കിലെ 245 ദുരൂഹ അക്കൗണ്ടുകള്‍ വഴി നടന്ന 1100 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ അപേക്ഷയിലൂടെ കെ എം ഫവാസ് ചോദിച്ചിട്ടുണ്ട്.ബാങ്ക് ഇത് തടഞ്ഞതോടെ അപ്പലേറ്റ് അതോറിറ്റിയെയും പിന്നീട് കോടതിയെയും ഫവാസ് സമീപിച്ചു. ഫവാസിന് അനുകൂല വിധി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അവരുടെ നീക്കത്തിൽ അപകടം മണത്ത പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇവരെ തിരിച്ചെടുക്കാനുള്ള പദ്ധതിക്ക് പിന്നിൽ. ഫവാസിനെയും ലത്തീഫിനെയും പെട്ടെന്ന് തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത് അങ്ങിനെയാണ്.
എം.എസ്. എഫ് ഔദ്യോഗിക നേതൃത്വം പുതിയ സംഭവവികാസങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നത് കാത്തിരുന്ന് കാണണം. ഒരു അടഞ്ഞ അധ്യായമായ ഹരിത വിവാദം വീണ്ടും തുറന്നു വികസിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ലത്തീഫും ഫവാസും അടക്കമുള്ളവരെ തിരിച്ചെടുത്ത നടപടിയെ സ്വാഗതം ചെയ്ത കെ എസ് ഹംസയുടെ പ്രതികരണം ലീഗിനകത്ത് അത്ഭുതമുണ്ടാക്കിയിട്ടുണ്ട്.