കോൺഗ്രസ് സ്ഥാനാർഥി നിർണയം: അവസാനഘട്ട ചർച്ചകൾ ഇന്ന് ഡൽഹിയിൽ
|സ്ഥാനാർഥി പ്രഖ്യാപനം നാളെ ഡൽഹിയിൽ വെച്ചുതന്നെ നടത്താനാണ് ലക്ഷ്യമിടുന്നത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ഇന്നലെ ഡൽഹിക്ക് പോകാനിരുന്ന കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്നാണ് ഡൽഹിക്ക് തിരിക്കുക. ഇന്ന് ഇവർ ഹൈക്കമാൻഡുമായി ചർച്ച നടത്തും. സ്ഥാനാർഥി പ്രഖ്യാപനം നാളെ ഡൽഹിയിൽ വെച്ചുതന്നെ നടത്താനാണ് ലക്ഷ്യമിടുന്നത്.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി, കെ സുധാകരൻ എന്നിവരുടെ സ്ഥാനാർഥിത്വത്തിൽ ഇന്ന് തന്നെ അനിശ്ചിതത്വം ഒഴിയുമെന്നാണ് സൂചന. ഇതിനിടെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കേരളത്തിലെ സിറ്റിംഗ് എം.പിമാർ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. ഇടതുമുന്നണി മുഴുവൻ സീറ്റുകളിലും ബി.ജെ.പി 12 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് ഇത്.