Kerala
ഓണക്കാല ചെലവുകള്‍ വെട്ടിക്കുറക്കാതെ നടത്താന്‍ സര്‍ക്കാര്‍; ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും
Kerala

ഓണക്കാല ചെലവുകള്‍ വെട്ടിക്കുറക്കാതെ നടത്താന്‍ സര്‍ക്കാര്‍; ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും

Web Desk
|
19 Aug 2022 1:19 AM GMT

ക്ഷേമ പെന്‍ഷനും ഓണത്തിന് മുമ്പ് നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഓണക്കാല ചെലവുകള്‍ വെട്ടിക്കുറക്കാതെ നടത്താന്‍ സര്‍ക്കാര്‍. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ക്ഷേമ പെന്‍ഷനും ഓണത്തിന് മുമ്പ് നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ്,ഉത്സവബത്ത,അഡ്വാന്‍സ് തുടങ്ങിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവ്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനും സെപ്തംബര്‍ ആദ്യം വിതരണം ചെയ്യാനാണ് തീരുമാനം. 3,200 രൂപ വെച്ച് 52 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 1,800 കോടി രൂപയോളം വേണ്ടി വരും. ഇതുംകൂടെ വരുമ്പോള്‍ ഇത്തവണ 8,000 കോടി രൂപയെങ്കിലും ഖജനാവില്‍ വേണം. 1000 കോടി രൂപ കടമെടുത്താല്‍ ഓണച്ചെലവ് കഴിഞ്ഞുകൂടുമെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തല്‍.

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതിനാല്‍ ഇക്കാര്യത്തില്‍ പിശുക്ക് കാണിക്കാതെ ധനവകുപ്പിന് മുന്നോട്ട് പോകാനാകില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് തുക എത്ര നല്‍കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം 4000 രൂപ ബോണസും 15,000 രൂപ വീതം ഓണം അഡ്വാന്‍സും നല്‍കി. ഇത്തവണയും ഇതേ ആനുകൂല്യം നല്‍കാനാണ് ആലോചന. കെ.എസ്.ആര്‍.ടി.സിയാണ് സര്‍ക്കാരിന് മുന്നിലെ വലിയ പ്രതിസന്ധി.ധനവകുപ്പില്‍ നിന്ന് കൂടുതല്‍ തുക അടിയന്തരമായി നല്‍കിയില്ലെങ്കില്‍ ഓണത്തിനും ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വരും.



Similar Posts