വര്‍ക്കല തീപ്പിടിത്തം; പുക ശ്വസിച്ചതാകാം മരണത്തിന് കാരണമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
|പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല
തിരുവനന്തപുരം വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും ഫയർഫോഴ്സ് ഓഫീസർ നൗഷാദ് മീഡിയവണിനോട് പറഞ്ഞു.
ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), ഇളയമകന് അഹിൽ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകന് നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുകയാണ് പ്രതാപന്. മൂന്ന് ആണ്മക്കളാണ് പ്രതാപനുള്ളത്. ഒരു മകന് ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് സംഭവസ്ഥലത്തെത്തി. അപകടം സംബന്ധിച്ച് എല്ലാ സാധ്യതകളും അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്.പി പറഞ്ഞു.