Kerala
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം
Kerala

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

Web Desk
|
23 May 2021 1:17 AM GMT

കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെൻ്റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെയും സ്പീക്കർ തെരഞ്ഞെടുപ്പ് മറ്റന്നാളുമാണ്. 28 ന് ഗവർണറുടെ നയപ്രഖ്യാപനം. ജൂൺ 4 നാണ് പുതിയ സംസ്ഥാന ബജറ്റ്.

എം എൽ എ മാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കർ പിടിഎ റഹിമിന് മുന്നിൽ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെൻ്റ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല.

സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.

എം എൽ എ ഹോസ്റ്റലിൽ ചിലർ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ മാസ്ക്കറ്റ് ഹോട്ടൽ ,ചൈത്രം, സൗത്ത പാർക്ക്, നിള ഹോസ്റ്റൽ എന്നിവിടങ്ങളിൽ എംഎൽഎമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

25നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കര്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഉടനുണ്ടാകും. നാളെ ഉച്ചക്ക് 12 മണി വരെ നാമനിർദേശ പത്രിക നൽകാം.

28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. പഴയ ബജറ്റിന്‍റെ തുടര്‍ച്ചയാവും ഇത്തവണത്തെ ബജറ്റെന്നും പക്ഷേ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓൺ അക്കൗണ്ടും നാലു മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും

Similar Posts