യുക്രൈനിൽ നിന്ന് തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാർഥികളുടെ ആദ്യ സംഘമെത്തി
|നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിനിടയിലും യുക്രൈനിൽ കുടുങ്ങിയ മറ്റ് മലയാളി വിദ്യാർഥികളുടെ ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്.
യുക്രൈനിൽ നിന്ന് തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാർഥികളുടെ ആദ്യ സംഘമെത്തി. രണ്ട് വിമാനങ്ങളിലായി 25 പേരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിനിടയിലും യുക്രൈനിൽ കുടുങ്ങിയ മറ്റ് മലയാളി വിദ്യാർഥികളുടെ ആശങ്കയാണ് എല്ലാവരും പങ്കുവെച്ചത്.
ആറരയ്ക്ക് ഡൽഹിയിൽ നിന്ന് മുംബൈ വഴി 19 പേരടങ്ങുന്ന സംഘമാണ് ആദ്യം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. രക്ഷിതാക്കൾക്ക് പുറമെ മന്ത്രിമാരും കലക്ടറും മേയറുമടങ്ങുന്ന സംഘം വിദ്യാർഥികളെ സ്വീകരിച്ചു. എട്ടരയ്ക്ക് ഡൽഹിയിൽ നിന്ന് ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ഉണ്ടായിരുന്നത് ആറു മലയാളി വിദ്യാർഥികളാണ്. നാട്ടിലെത്തിയ സന്തോഷത്തിലും യുദ്ധമുഖത്ത് കുടുങ്ങിപ്പോയ സുഹൃത്തുക്കളെ പറ്റിയാണ് എല്ലാവരുടേയും ആശങ്ക.
ഇന്ത്യൻ എംബസി നൽകിയ പിന്തുണ വലുതാണെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.