എരണ്ടയും ഉടുമ്പും തമ്മിലുള്ള ആക്രമണം, കീഴടങ്ങല്‍; അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കണ്ടത് എട്ട് കോടിയിലേറെ പേര്
|കേരള വനം വകുപ്പ് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തിൽ ഫോട്ടോ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു
എടുത്ത ചിത്രത്തേക്കാള്‍ വീഡിയോ വൈറലായ കഥ കേട്ടിട്ടുണ്ടോ! എന്നാല്‍ അത്തരമൊരു അനുഭവത്തിലൂടെയാണ് കൊച്ചി സിറ്റി പൊലീസ് ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫി പാഷനേറ്റുമായ രതീഷ് കടന്നുപോകുന്നത്. തെങ്ങിന്റെ മുകളില്‍ നിന്നും എരണ്ടയെ ആക്രമിച്ചു പിടിക്കുന്ന ഉടുമ്പിന്റെ ചിത്രമാണ് രതീഷിന് അപ്രതീക്ഷിത ജനപ്രീതി സമ്മാനിച്ചത്.
ചേര്‍ത്തല തൈക്കാട്ടുശ്ശേരിയിലെ വീട്ടില്‍ വെച്ച് ഒരു പക്ഷിയുടെ അസ്വാഭാവിക നിലവിളി കേട്ട രതീഷ് വീടിന് പുറത്തിറങ്ങിയപ്പോഴാണ് തെങ്ങിന്റെ പൊത്തിന് പുറത്തേക്ക് ഒരു ഉടുമ്പിന്റെ വാല് കിടക്കുന്നത് ശ്രദ്ധിച്ചത്. സൂക്ഷ്മനോട്ടത്തില്‍ എരണ്ടയെ കൂടി കണ്ടതോടെ പരസ്പര ആക്രമണമാണെന്ന് തിരിച്ചറിഞ്ഞു. ഉയരത്തിലുള്ള തെങ്ങിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുക അസാധ്യമാണെന്ന തിരിച്ചറിവില്‍ ഉടനെ തന്നെ രണ്ടരകിലോമീറ്റര്‍ അപ്പുറമുള്ള ഭാര്യാവീട്ടില്‍ വിളിച്ചു പറഞ്ഞു ക്യാമറ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മനസ്സില്‍ ഓടിയ ആ നിമിഷങ്ങളില്‍ പക്ഷേ രതീഷ് വെറുതെ നിന്നില്ല. കൈയ്യിലുള്ള മൊബൈലില്‍ തെങ്ങിലെ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ക്യാമറ കൈയ്യില്‍ കിട്ടിയതും എരണ്ടയും ഉടുമ്പും തമ്മിലുള്ള ആക്രമണത്തിന്റെ അവസാന നിമിഷങ്ങളും ക്ലോസില്‍ പതിപ്പിച്ചു.
രണ്ടു വര്‍ഷം മുമ്പെടുത്ത ചിത്രം പക്ഷേ പൊതുമധ്യത്തില്‍ എത്തിയിരുന്നില്ല. കേരള വനം വകുപ്പ് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തിൽ ഫോട്ടോ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രതീഷ് ഫോട്ടോയും ദൃശ്യങ്ങളും ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ പുറത്തെത്തിക്കുന്നത്. അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ആ വീഡിയോ എട്ട് കോടിയിലേറെ പേരാണ് ഇതുവരെ കണ്ടത് .
കൊച്ചി സിറ്റി പോലീസ് ഡി.എച്ച്.ക്യുവിലെ ഉദ്യോഗസ്ഥനായ രതീഷ് നിലവില്‍ ഹൈക്കോടതി ജഡ്ജിയുടെ സുരക്ഷാ ചുമതലയാണ് വഹിക്കുന്നത്.