മോന്‍സന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും പരിശോധന നടത്തുന്നു
|ആനക്കൊമ്പിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. ഇത് ഒറിജിനലാണോ അങ്ങനെയാണെങ്കില്‍ അത് എവിടെ നിന്ന് കിട്ടി എന്നതാണ് വനംവകുപ്പ് പരിശോധിക്കുന്നത്.
പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനം വകുപ്പും കസ്റ്റംസും പരിശോധന നടത്തുന്നു. പുരാവസ്തുക്കള്‍ വിറ്റതിന്റെ സാമ്പത്തിക ഇടപാടുകളും മോന്‍സന്റെ സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നതിനാണ് കസ്റ്റംസ് മോന്‍സന്റെ വീട്ടിലെത്തിയത്.
ആനക്കൊമ്പിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. ഇത് ഒറിജിനലാണോ അങ്ങനെയാണെങ്കില്‍ അത് എവിടെ നിന്ന് കിട്ടി എന്നതാണ് വനംവകുപ്പ് പരിശോധിക്കുന്നത്. വന്യമൃഗങ്ങളുടെ മറ്റു ശേഷിപ്പുകള്‍ ഉണ്ടോയെന്നും ഇതിന് ഔദ്യോഗിക രേഖകളുണ്ടോയെന്നും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.
അതിനിടെ മോന്‍സന്‍ മാവുങ്കലിന് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മോന്‍സന്റെ വീടിന് സുരക്ഷയൊരുക്കാന്‍ ഉത്തരവിട്ടത് ബെഹറയാണ്. മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ വീടിന് സുരക്ഷ നല്‍കാനും ഉത്തരവിടുകയായിരുന്നു.