Kerala
അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേരെ വനം വകുപ്പ് പിടികൂടി
Kerala

അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേരെ വനം വകുപ്പ് പിടികൂടി

ijas
|
23 July 2021 3:51 PM GMT

തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി നടക്കുന്ന ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന വിസര്‍ജ്യമാണ് ആംബര്‍ ഗ്രിസ്

അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി അഞ്ചു പേരെ മുന്നാറിൽ വനം വകുപ്പ് പിടികൂടി. തേനി ജില്ലയിലെ പെരിയകുളം സ്വദേശികളായ വേൽമുരുകൻ, സേതു ദിന്ധുക്കൾ ജില്ല വത്തലഗുണ്ട് സ്വദേശികളായ മുരുകൻ, രവികുമാർ മൂന്നാർ സ്വദേശി മുന്നിയ സ്വാമി എന്നിവരാണ് പിടിയിലായത്. മുന്നാറിലെ ലോഡ്ജിൽ വെച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി നടക്കുന്ന ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന വിസര്‍ജ്യമാണ് ആംബര്‍ ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ ഗ്രിസ് ഉപയോഗിക്കുക.

പഴക്കം കൂടുംതോറുമാണ് ആംബര്‍ ഗ്രിസ് പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആംബര്‍ ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആംബര്‍ ഗ്രിസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Similar Posts