Kerala
arikomban

അരിക്കൊമ്പന്‍

Kerala

അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങാതെ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

Web Desk
|
30 May 2023 12:55 AM GMT

കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറി ഷണ്മുഖ നദി ഡാമിനോട് ചേർന്നുള്ള വനത്തിലാണ് അരിക്കൊമ്പൻ ഉള്ളത്

ഇടുക്കി: തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങാതെ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറി ഷണ്മുഖ നദി ഡാമിനോട് ചേർന്നുള്ള വനത്തിലാണ് അരിക്കൊമ്പൻ ഉള്ളത്. ആന ജനവാസ മേഖലയിലിറങ്ങിയാൽ മാത്രമാണ് മയക്ക് വെടിവെക്കുന്ന നടപടികളിലേക്ക് കടക്കുക. ഇടക്ക് കാട്കയറിയും കാടിറങ്ങിയുമുള്ള അരിക്കൊമ്പന്‍റെ സഞ്ചാരം ദൗത്യത്തിന് തിരിച്ചടിയാകുന്നുണ്ട്. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്.


അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്. കാട് കയറിയും കാടിറങ്ങിയും തമിഴ് നാട് വനംവകുപ്പിനെയും വട്ടം കറക്കുകയാണ് അരിക്കൊമ്പനെന്ന കാട്ടുകൊമ്പൻ.

ഒരു മാസക്കാലം നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാനായത്. പെരിയാർ വന്യജീവി സങ്കേതത്തിലും പൊരുത്തപ്പെടാനാകാതെ വന്നതോടെ കേരളാ തമിഴ്നാട് വനാതിർത്തികളിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പൻ. കമ്പം ടൗണിൽ പരിഭ്രാന്തി പരത്തിയ ശേഷം കാട് കയറിയ അരിക്കൊമ്പൻ ക്ഷീണിതനാണ്‌.





Similar Posts