പട്ടയഭൂമിയില്‍ നിന്ന് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മരംമുറി; കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി വനംവകുപ്പ്
|എറണാകുളം കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം 40 ഓളം കര്‍ഷകര്‍ക്ക് എതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്
പട്ടയഭൂമിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ അനുമതിയോടെ മരങ്ങള്‍ മുറിച്ച കര്‍ഷകര്‍ക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി വനം വകുപ്പ്. എറണാകുളം കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം 40 ഓളം കര്‍ഷകര്‍ക്ക് എതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്.
കുട്ടമ്പുഴ ഞായപ്പിള്ളിയിലെ പീറ്റര്‍ മാത്യു പട്ടയഭൂമിയിലെ നാല് തേക്കുകള്‍ മുറിക്കാന്‍ അനുമതി തേടിയ അപേക്ഷയാണിത്. ഫെബ്രുവരി 12ന് നല്‍കിയ അപേക്ഷ പ്രകാരം 23ാം തിയതി തേക്കുകള്‍ മുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കി. സമാനമായ അനുമതിയോടെ തട്ടേക്കാട്, കുട്ടമ്പുഴ, നേര്യമംഗലം റേഞ്ച് കളുടെ പരിധിയിലെ കര്‍ഷകരും മരം മുറിച്ചിരുന്നു. എന്നാല്‍ ജൂലൈ 7ന് റെയ്ഞ്ച്ഫോറസ്റ്റ് ഓഫീസര്‍ ഇറക്കിയ ഉത്തരവാണിത്. മരം മുറിച്ചവര്‍ക്ക് എതിരെ നടപടി എടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കുന്നത്.
തങ്ങള്‍ക്ക് എതിരെ അല്ല മരം മുറിക്കാന്‍ അനുമതി നല്‍കിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നതാണ് കര്‍ഷകരുടെ നിലപാട്. നിയമ നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോയാൽ സമരത്തിനൊരുങ്ങാനാണ് കർഷകരുടെ തീരുമാനം. ഇതു വരെ കേസുകള്‍ എടുത്തിട്ടില്ലെന്ന് തട്ടേക്കാട് അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ ടി.എം റഷീദ് അറിയിച്ചു.