Kerala
forest department, injuries, Arikompan,healthy, latest malayalam news
Kerala

പരിക്കുകൾ ഗുരുതരമല്ല, അരിക്കൊമ്പൻ ആരോഗ്യവാനെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ

Web Desk
|
30 April 2023 2:27 AM GMT

ഇന്ന് പുലർച്ചയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചത്

കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ശിവപാട്ടിൽ. അടുത്ത രണ്ട് ദിവസം അരിക്കൊമ്പൻ വനം വകുപ്പ് വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും. അരിക്കൊമ്പന്‍റെ പരിക്കുകൾ ഒന്നും ഗുരുതരമല്ലെന്നും ആരോഗ്യവാനാണെന്നും ശിവപാട്ടിൽ പറഞ്ഞു.

അരിക്കൊമ്പൻ തീർത്ത പ്രതിരോധവും, പ്രതികൂല കാലാവസ്ഥയും മറികടന്ന് ഇന്ന് പുലർച്ചയോടെയാണ് ദൗത്യ സംഘം ആനയെ കുമളിയിൽ എത്തിച്ചത്. കടുവാ സങ്കേതത്തിലെ ആദിവാസി വിഭാഗം പ്രത്യേക പൂജയോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്.

ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂർ കൊണ്ടാണ് വാഹനത്തിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ അടക്കമുള്ള നാല് കുംകിയാനകളും, ദൗത്യ സംഘവും വളരെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കീഴ്‌പ്പെടുത്തിയത്.

വൈകീട്ട് 5.30 ഓടെയാണ് അരിക്കൊമ്പനെ കയറ്റിയ വാഹനം ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്ക് തിരിച്ചത്. വനം വകുപ്പിന് പുറമെ പൊലീസ്, റവന്യൂ വകുപ്പുകളുടെ വാഹനങ്ങളും അരിക്കൊമ്പന്റെ വാഹനത്തെ അനുഗമിച്ചു. 10.15-ഓടെ വാഹനം കുമളിയിലെ പെരിയാർ കടുവ സങ്കേതത്തിലെത്തി. പ്രത്യകം പൂജകളോടെയായിരുന്നു മാന്നാർ ആദിവാസി വിഭാഗം അരിക്കൊമ്പനെ സ്വീകരിച്ചത്. പുലർച്ചെയോടെ കുമളിയിൽനിന്ന് 23 കിലോമീറ്റർ മാറി മേതകാനം വനമേഖലയിൽ ആനയെ തുറന്നു വിട്ടു. ഇനി പെരിയാർ വനത്തിലായിരിക്കും അരിക്കൊമ്പന്റെ വാസം.

Similar Posts