Kerala
ഇത്തരം പ്രവൃത്തികള്‍ ചെയ്ത് താരചക്രവര്‍ത്തിമാര്‍ക്ക് അധികകാലം ഇവിടെ  വാഴാന്‍ കഴിയില്ല- ടി പത്മനാഭന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
Kerala

"ഇത്തരം പ്രവൃത്തികള്‍ ചെയ്ത് താരചക്രവര്‍ത്തിമാര്‍ക്ക് അധികകാലം ഇവിടെ വാഴാന്‍ കഴിയില്ല"- ടി പത്മനാഭന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

ijas
|
25 March 2022 4:37 PM GMT

"മുദ്രവെച്ച കവര്‍ ചേമ്പറിന്‍റെ ഏകാന്തതയില്‍ ജഡ്ജി വായിച്ചുനോക്കുന്നുവെന്നാണ് പറയുന്നത്, അതും നാം അറിയുന്നില്ല"

എഴുത്തുകാരന്‍ ടി പത്മനാഭന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

26 കൊല്ലം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വര്‍ഷമാണ് ഇതെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവമായിരുന്നു. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകളാണ് സംവിധാനം ചെയ്തത് എന്നത് കൊണ്ട് മാത്രമല്ല ഞാനിത് പറയുന്നത്. ഇതിന്‍റെ ഉദ്ഘാടന ദിവസം ഞാനെന്‍റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ ഒരു കാഴ്ച്ചയാണ് അന്ന് കണ്ടത്. അപരാജിതയായ ഒരു പെണ്‍കുട്ടി, ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടി, രഞ്ജിത്ത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. ആദ്യം അത്ഭുതമായിരുന്നു കാണികള്‍ക്ക്, അന്ന് ഇവിടെയുണ്ടായിരുന്ന കാണികള്‍ക്ക് മാത്രമല്ല, ടെലിവിഷനിലൂടെ ലോകമെമ്പാടുമുള്ള കാണികള്‍ക്കും ഞാനടക്കമുള്ള കാണികള്‍ക്കും അത്ഭുതമായിരുന്നു. ഇവര്‍ പരസ്യമായി രംഗപ്രവേശം ചെയ്യുകയും പക്ഷേ പിന്നീട് നിലക്കാത്ത കരഘോഷമായിരുന്നു. അത് കൊണ്ട് കൂടി മാത്രമാണ്, അല്ലെങ്കില്‍ അത് കൊണ്ട് മാത്രമാണ് ഞാന്‍ പറയുന്നത് ഇത് ഇക്കൊല്ലത്തെ സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ചലച്ചിത്രോത്സവമാണെന്ന്.

അവരുടെ കേസിലേക്കൊന്നും ഞാന്‍ പോകുന്നില്ല, ഞാന്‍ നിയമം പഠിച്ചവനാണ്. പക്ഷേ ഈ സന്ദര്‍ഭത്തില്‍ അതിലേക്ക് പോകുന്നില്ല. ഒരു കാര്യം പറയാം, തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റൂ. എത്ര വലിയവരായാലും ഒരു തരത്തിലുള്ള ദാക്ഷിണ്യത്തിനും അവര്‍ അര്‍ഹരാകുന്നില്ല. നമ്മുടെ കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല വിഷയത്തിലും മുന്നിലാണ്. ഇപ്പോഴും മുന്നിലേക്കുള്ള ആ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. എങ്കിലും പല രംഗങ്ങളിലും, പ്രത്യേകിച്ചും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷയില്‍ നാം ഇനിയും മുന്നോട്ടു പോകണ്ടേ എന്ന് ആലോചിക്കേണ്ട സമയമാണിത്.

പുതിയ കാലഘട്ടത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട കലാരൂപമാണ് സിനിമ. ആ സിനിമയുടെ വിവിധ മേഖലകളില്‍ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്.അഭിനേത്രികളും പാട്ടുകാരികളും മാത്രമല്ല പല പല മേഖലകളിലും അവര്‍ അവരുടെ സാന്നിധ്യം വിളിച്ചുപറയുന്നുണ്ട്. അവര്‍ക്ക് കിട്ടുന്ന പരിചരണം എന്താണ്? ഈ അപരാജിതരുടെ കേസ് വന്നതിന് ശേഷമാണ് കുറേയൊക്കെ അത് ലോകത്തിന് മുന്നില്‍ വന്നത്. ഒരുപക്ഷേ ഇനിയും വരാനുണ്ടാകും....ഇത് തുടര്‍ന്നും അനുവദിക്കാന്‍ പറ്റുമോ?

ഈ കേസിന് ശേഷം ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയും പ്രശസ്തരായ രണ്ടു മഹിളകളുമുള്ള ഒരു സമിതി രൂപവത്കരിക്കപ്പെട്ടു. അവര്‍ രണ്ടിലേറെ കൊല്ലം ഒട്ടേറെ സിറ്റിംഗുകള്‍ നടത്തി ഒട്ടേറെ വ്യക്തികളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു രണ്ട് കോടിയിലധികം ചെലവാക്കി അവര്‍ ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലും വലിയ ദുര്‍ഘടങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്.ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ തരണം ചെയ്യാന്‍ കഴിയാത്ത അത്ര വലിയൊരു കടമ്പയാണ് അതെന്ന് ഞാന്‍ കരുതുന്നില്ല.

ഞാന്‍ പറഞ്ഞല്ലോ ഞാന്‍ നിയമം പഠിച്ചയാളാണെന്ന്. നമ്മുടെ നാട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഒരു വൃത്തിക്കെട്ട ഏര്‍പ്പാടുണ്ടായിരുന്നു. നിയമവേദികളില്‍...എന്താണെന്ന് വെച്ചാല്‍ ഒരു വ്യക്തിയെ ശിക്ഷിക്കണമെങ്കില്‍, ക്രൂശിക്കണമെങ്കില്‍ അവന്‍ രാജ്യദ്രോഹം ചെയ്തിരിന്നുവെന്ന് പറയണം. അതിന് തെളിവു നിങ്ങള്‍ ഹാജരാക്കേണ്ട. മുദ്രവെച്ച കവറില്‍ നല്ലതുപോലെ സീല്‍ വെച്ച് ജഡ്ജിക്ക് കൊടുക്കുക. താന്‍ എന്തുകുറ്റമാണ് ചെയ്തതെന്ന് പ്രതി അറിയുന്നില്ല, പ്രതിയുടെ വക്കീല്‍ അറിയുന്നില്ല, ലോകമറിയുന്നില്ല. ചേമ്പറിന്‍റെ ഏകാന്തതയില്‍ ജഡ്ജി വായിച്ചുനോക്കുന്നുവെന്നാണ് പറയുന്നത്. അതും ചെയ്യുന്നുണ്ടെന്ന് നമുക്കറിയുന്നില്ല. ഒടുവില്‍ സര്‍ക്കാരിന് അനുകൂലമായ വിധിയും പുറപ്പെടുവിപ്പിക്കുന്നു. ബഹുമാന്യനായ ഇന്ത്യയിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏതാനും ദിവസങ്ങളേയായുള്ളൂ, ഈ വൃത്തിക്കെട്ട ഏര്‍പ്പാടിനെ എതിര്‍ത്തിട്ട്, ഞാനിതില്‍ വിശ്വസിക്കുന്നില്ലെന്ന് ഓപ്പണ്‍ കോടതിയില്‍ പറഞ്ഞു. അങ്ങനെയൊക്കെയുള്ള ഈ കാലത്ത് നമ്മള്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ......ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു, ഇതിലും വലിയ ദുര്‍ഘടങ്ങളെ അനായാസം തരണം ചെയ്ത ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത് ചെയ്തില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പ് തരില്ല. സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്, അതില്‍ വേണ്ടത് ചെയ്യണം, അതില്‍ പറഞ്ഞ എല്ലാ നടപടികളും എടുക്കണം. കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരണം. നല്ല ഒന്നാം തരം ശിക്ഷ നല്‍കുകയും വേണം.

എനിക്ക് കായികമായോ മാനസികമായോ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഏതാണ്ട് അസ്തമിക്കാറായി, അത് കാത്തിരിക്കുന്ന വ്യക്തിയാണ്. നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം, ഇത്തരം പ്രവൃത്തികള്‍ ചെയ്ത് അധികം കാലം എല്ലാവര്‍ക്കും ഇവിടെ താരചക്രവര്‍ത്തിമാരായി വാഴാന്‍ കഴിയില്ല.

Similar Posts