Kerala
വിമാനാപകടം; ലേ ലഡാക്കിൽ 56 വർഷം മുമ്പ്‌ മരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലേക്ക്
Kerala

വിമാനാപകടം; ലേ ലഡാക്കിൽ 56 വർഷം മുമ്പ്‌ മരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്; മൃതദേഹം ജന്മനാട്ടിലേക്ക്

Web Desk
|
4 Oct 2024 1:03 AM GMT

ഈ മാസം ഒന്നിനാണ് തോമസ് ചെറിയാനടക്കം നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: ലേ ലഡാക്കിൽ 56 വർഷം മുമ്പ്‌ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്. ഇലന്തൂർ സ്വദേശി തോമസ്‌ ചെറിയാന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ തിരുവനന്തപുരം വിമാനത്താളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

സൈനിക അകമ്പടിയോടെയാണ് ഇലന്തൂരിലേക്ക് കൊണ്ടുപോവുന്നത്. പൊതുദർശനത്തിനു ശേഷം ഇലന്തൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഉച്ചയ്ക്ക് 3.30നാണ് ഖബറടക്കം.

ഈ മാസം ഒന്നിനാണ് തോമസ് ചെറിയാനടക്കം നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. മഞ്ഞുമലയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്. മൃതദേഹത്തിൽനിന്നും ലഭിച്ച രേഖകളിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.

തുടർന്ന്, മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാൻ തയാറാണോ എന്നറിയാൻ സൈന്യം ആറന്മുള പൊലീസുമായി ബന്ധപ്പെട്ടു. പൊലീസ് ബന്ധുക്കളെ കണ്ടെത്തുകയും മൃതദേഹം സ്വീകരിക്കാൻ തയാറാണെന്ന് അവർ അറിയിക്കുകയും ചെയ്തതോടെയാണ് നാട്ടിലേക്ക് എത്തിക്കാൻ തീരുമാനമായത്.

1968ൽ തോമസ് ചെറിയാന്റെ 22ാം വയസിലായിരുന്നു വിമാനാപകടം. 102 പേരുമായി ചണ്ഡീഗഢിൽനിന്ന് ലേ ലഡാക്കിലേക്ക് പോയ സൈനികവിമാനം രോഹ്താങ് പാസിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

തോമസ് ചെറിയാൻ പരിശീലനം പൂർത്തിയാക്കി പോവുമ്പോഴായിരുന്നു അപകടമുണ്ടാവുന്നത്. 2003ൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും 2019ൽ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ കൂടി മൃതദേഹം കിട്ടുന്നത്.

മൽകാൻ സിങ്, നാരായൺ സിങ് എന്നിവരുടേതാണ് തിരിച്ചറിഞ്ഞ മറ്റ് രണ്ടു മൃതദേഹങ്ങൾ. 56 വർഷം കൊണ്ട് ആകെ ലഭിച്ചത് ഒമ്പത് മൃതദേഹങ്ങളാണ്. അപകടസ്ഥലത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ് സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ഇത്രയും ദൈർഘ്യമേറിയ തിരച്ചിൽ ഇതാദ്യമായാണ്.



Similar Posts