Kerala
വർഗീയവാദിയായ പി.സി ജോർജിൻ്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ പോവണം: പോപുലർ ഫ്രണ്ട്
Kerala

വർഗീയവാദിയായ പി.സി ജോർജിൻ്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ പോവണം: പോപുലർ ഫ്രണ്ട്

Web Desk
|
2 May 2022 6:32 AM GMT

'' മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ ജോർജിനെ അറസ്റ്റ് ചെയ്ത് ഉടനടി ജാമ്യം നൽകിയ നടപടി പ്രതിഷേധാർഹമാണ്''

കോഴിക്കോട്: മുസ്‌ലിം സമുദായത്തിനെതിരെ വർഗീയ വിദ്വേഷം നടത്തിയ പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ പോവണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ ജോർജിനെ അറസ്റ്റ് ചെയ്ത് ഉടനടി ജാമ്യം നൽകിയ നടപടി പ്രതിഷേധാർഹമാണ്. ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടും വർഗീയ പരാമർശം പിൻവലിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പകരം സർക്കാരിനെയും നിയമ സംവിധാനങ്ങളെയും പരിഹസിക്കുകയാണ് ചെയ്തത്.

മതവൈര്യം വളർത്തിയെന്ന് ബോധ്യപ്പെട്ടിട്ടും പി സി ജോർജിൻ്റെ ജാമ്യഹരജിയെ സർക്കാർ അഭിഭാഷകൻ എതിർക്കാതിരുന്നത് സംശയാസ്പദമാണ്. ഇത്തരം സമീപനങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. തെരുവിൽ പ്രതിഷേധിക്കുകയും കരിങ്കൊടി നാടകം കളിക്കുകയും ചെയ്യുന്ന ഇടതു യുവജന സംഘടനകൾ ആർജ്ജവമുണ്ടെങ്കിൽ വർഗീയ വാദിയായ പി സി ജോർജിനെ തുറങ്കിലടയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.

മുമ്പ് സാമൂഹിക മാധ്യമങ്ങൾ വഴി ആർഎസ്എസിനെ വിമർശിച്ചതിൻ്റെ പേരിൽ 153 (A) വകുപ്പ് പ്രകാരം ഏകപക്ഷീയമായി മുസ്ലിം വേട്ടയാണ് പിണറായി സർക്കാർ നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ നിരവധി യുവാക്കളെ ജയിലിലടച്ചു. മറുപക്ഷത്ത് നിരന്തരം മുസ്ലിം വിരുദ്ധ വർഗീയത പ്രചരിപ്പിക്കുന്ന സംഘപരിവാർ ഭീകരർക്കെതിരെയും പി സി ജോർജിന് എതിരെയും നിരന്തരം പരാതികൾ ലഭിച്ചിട്ടും കുറ്റകരമായ മൗനം തുടരുകയാണ് സർക്കാർ.

ഇത്തരം വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും തുറങ്കിലടയ്ക്കുകയും വേണം. ന്യൂനപക്ഷ സംരക്ഷകരെന്ന് അടിക്കടി മേനി നടിക്കുന്ന സർക്കാർ അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അതിനാവശ്യമായ നിയമപരമായ നീക്കം നടത്തുകയാണ് വേണ്ടത്.

തിരുവനന്തപുരത്ത് ഹിന്ദുമഹാ സമ്മേളനം എന്ന പേരില്‍ നടന്ന മുസ്ലിം വിരുദ്ധ വർഗീയ സമ്മേളനം ഗാന്ധി ഘാതകരും രാജ്യദ്രോഹികളുമായ ഹിന്ദുത്വ ഭീകരർ മുസ്‌ലിം സമുദായ ഉത്മൂലനം ലക്ഷ്യമാക്കി രാജ്യ വ്യാപകമായി നടത്തുന്ന വര്‍ഗീയ, വംശീയ സമ്മേളനങ്ങളുടെ തുടർച്ചയാണ്. സമ്മേളനത്തിൽ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗ്ഗീയത നിറഞ്ഞതുമായ നുണപ്രചാരണങ്ങളാണ് നടത്തിയത്.

സമുദായങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ഇത്തരത്തില്‍ വര്‍ഗീയ സമ്മേളനങ്ങള്‍ സർക്കാരിൻ്റെ അനുമതിയോടെയാണ് നടത്തുന്നത്. കേരളത്തില്‍ മുസ്‌ലിം വംശഹത്യ നടത്തുന്നതിന് വേണ്ടിയുള്ള മണ്ണൊരുങ്ങുകയാണ്.

കേരളത്തില്‍ കാലങ്ങളായി വിവിധ മതസംഘടനകളും അവരുടെ അനുബന്ധ സംഘടനകളും സമ്മേളനങ്ങള്‍ നടത്താറുണ്ട്. നാളിതുവരെ മറ്റൊരു സമുദായത്തിനെതിരെ വംശീയ വിദ്വേഷത്തോടുകൂടി പ്രചാരണം നടത്തുന്ന രീതി ഉണ്ടായിട്ടില്ല. വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചതിനും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അനന്തപുരി ഹിന്ദുമഹാ സമ്മേളനം സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts