അജിത് കുമാറിനും സുജിത്ത് ദാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് ഒറ്റ ഉത്തരവുമായി സർക്കാർ
|അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനും മുൻ മലപ്പുറം എസ്പി എസ്. സുജിത്തിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് ഒറ്റ ഉത്തരവുമായി സർക്കാർ. അജിത് കുമാറിനെതിരെ അഞ്ചും സുജിത് ദാസിനെതിരെ മൂന്നും വിഷയങ്ങളാണ് അന്വേഷണ പരിധിയിലുളളത്. ഇവ രണ്ടും അന്വേഷിക്കാനാണ് സർക്കാർ ഒറ്റ ഉത്തരവ് പുറത്തിറക്കിയത്.
മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരംമുറിയിൽ പങ്ക്. മറുനാടൻ മലയാളി ഉടമയ്ക്കെതിരായ കേസിൽ അജിത് കൈക്കൂലി വാങ്ങിയെന്ന ആരോപണം. കള്ളക്കടത്ത് സംഘത്തിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വർണത്തിൽ കൃത്രിമം കാണിക്കുന്നു എന്ന ആരോപണം. അജിത് കുമാറിന്റെ കവടിയാറിലെ വീട് നിർമ്മാണം. അജിത്, സുജിത്, ഡാൻസാഫ് അംഗങ്ങൾ എന്നിവരുടെ അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെയുളള അഞ്ച് വിഷയങ്ങളിലാണ് ഇരുവർക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളിൽ ആരോപണവിധേയനായ എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനുള്ള സമയം അതിക്രമിച്ചുവെന്ന് സിപിഐ സമ്മർദ്ദം ശക്തമാക്കിയിരുന്നു. സർക്കാരിന്റെയും, മുന്നണിയുടേയും പ്രതിച്ഛായയെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് സിപിഐ നേതൃത്വം സിപിഎമ്മിനെയും, എൽഡിഎഫ് നേതൃത്വത്തെയും അറിയിച്ചുവെന്നാണ് സൂചന. നടപടി വൈകുന്നതിൽ സിപിഎമ്മിൽ ഒരു വിഭാഗത്തിനും കടുത്ത അതൃപ്തിയുണ്ട്.