Kerala
kerala niyamasabha, local ward division,niyamasabha,latest malayalam news,kerala news,വാര്‍ഡ് വിഭജനം,നിയമസഭ

പ്രതീകാത്മക ചിത്രം

Kerala

വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന്; നിയമസഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Web Desk
|
26 Jun 2024 5:52 AM GMT

അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല

തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സർക്കാർ തയാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. സപ്ലൈകോയുടെ അമ്പതാം വാർഷികത്തിൽ സർക്കാർ അതിന്റെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

റോജി എം. ജോൺ എം.എൽ.എയാണ് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ, പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണെന്ന് റോജി എം. ജോൺ പറഞ്ഞു. പച്ചക്കറിയുടെയും പലവ്യഞ്ജനത്തിൻ്റെയും വില ക്രമാതീതമായി കൂടി. വെണ്ടക്കയും തക്കാളിയും ഇല്ലാത്ത സാമ്പാറും മുരിങ്ങക്കയില്ലാത്ത അവിയലും കൂട്ടേണ്ട അവസ്ഥയിലാണ് മലയാളി. ഇതൊന്നും സംസ്ഥാന സർക്കാർ അറിയുന്നില്ല.

മത്തിയുടെ വില 300 രൂപയായി. കാളാഞ്ചിയും കരിമീനും നെയ്മീനും സാധാരണക്കാരന് സ്വപ്നം പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. 85 രൂപക്ക് കെ-ചിക്കൻ നൽകുമെന്ന് പറഞ്ഞ മന്ത്രിയുണ്ട് ഇവിടെ. എന്നാൽ, 85 രൂപക്ക് ചിക്കൻ കാല് പോലും ലഭിക്കാത്ത അവസ്ഥയാണെന്നും റോജി എം. ജോൺ പറഞ്ഞു.

അതേസമയം, വിലക്കയറ്റം ദേശീയ പ്രശ്നമാണെന്നും സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ മറുപടി നൽകി. മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ വിലക്കുറവ് കേരളത്തിലുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ വർധന ഉണ്ടായിട്ടില്ല. പച്ചക്കറി വിലക്കയറ്റത്തിൽ ഇടപെടാൻ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

59 ശതമാനം കുടുംബങ്ങൾ പൊതുവിതരണ രംഗത്തെ ആശ്രയിക്കുന്നുണ്ട്. കൂട്ടായ ഇടപെടലാണ് വേണ്ടത്. കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷം തയാറാകുന്നില്ല. ഭക്ഷ്യധാന്യം പോലും വെട്ടിക്കുറയ്ക്കുകയാണ്. വിലക്കയറ്റത്തിന് കാരണവും വിപണി ഇടപെടിന് തടസ്സവും കേന്ദ്ര സർക്കാർ നിലപാടാണ്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണ്. സർക്കാർ നോക്കിനിൽക്കുന്നില്ല. വിപണിയിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

50 മുതൽ 200 ശതമാനം ആണ് വിലക്കയറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വിലക്കയറ്റത്തേയും വിപണി ഇടപെടലിനേയും കുറിച്ച് ചോദിക്കുമ്പോൾ റേഷൻകട വഴി അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രിയുടെ മറുപടി.

വിലക്കയറ്റത്തിന് എന്ത് നടപടിയെടുത്തുവെന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. വിലവർധനവിന്റെ കണക്ക് എടുത്തത് മാർക്കറ്റിൽ നിന്നാണ്. അത് സർക്കാർ അറിയില്ലേ? ഹോർട്ടികോർപിന്റെ പല സാധനങ്ങൾക്കും പൊതുവിപണിയേക്കാൾ വില കൂടുതലാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


Similar Posts