പട്ടയ ഭൂമി വ്യവസ്ഥയിൽ ഭേദഗതിക്കൊരുങ്ങി സർക്കാർ; ക്വാറി ഉടമകളെ സഹായിക്കാനെന്ന് വിമർശനം
|കൃഷിക്കും വീട് നിർമാണത്തിന് മാത്രം നൽകിയ പട്ടയത്തിന്റെ ചട്ടവ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന സർക്കാർ നിലപാടിൽ സുപ്രിംകോടതിപോലും ഇന്നലെ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: പട്ടയ ഭൂമി ചട്ടങ്ങളുടെ വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം. ഇന്നലെ സുപ്രിംകോടതിയിലാണ് ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കൃഷിക്ക് നൽകിയ പട്ടയം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കൃഷിക്കും വീട് നിർമാണത്തിന് മാത്രം നൽകിയ പട്ടയത്തിന്റെ ചട്ടവ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന സർക്കാർ നിലപാടിൽ സുപ്രിംകോടതിപോലും ഇന്നലെ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. മറ്റാവശ്യങ്ങൾക്കു ഉപയോഗിക്കാൻ വ്യവസ്ഥയില്ലന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് വാദിച്ചതോടെ ഹൈക്കോടതിയിൽ സർക്കാരിന് അനുകൂലമായാണ് വിധിയുണ്ടായത്. ഈ വിധിയെ ചോദ്യം ചെയ്താണ് ക്വാറി ഉടമകൾ സുപ്രിംകോടതിയിൽ എത്തിയത്. ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള എല്ലാ അനുമതികളും നേടിയതായി ക്വറി ഉടമകൾ അറിയിച്ചു. എന്നാൽ, പട്ടയ ഭൂമിക്കാരെ പ്രതിനിധികരിച്ച അഭിഭാഷകൻ ജയിംസ് പി തോമസ് 1960ലെ ഭൂപതിവ് നിയമവും 1964 ലെ ചട്ടവും ലംഘിയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്ന് ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിലാണ് ചട്ടം ഭേഭഗതി ചെയ്യാമെന്നു സർക്കാർ വാക്കാൽ വ്യക്തമാക്കിയത്.
നയം മാറ്റം തിരിച്ചറിഞ്ഞതോടെ സർക്കാർ അഭിപ്രായം സത്യവാങ്മൂലമായി സമർപ്പിക്കാൻ ജസ്റ്റിസ് ബി.ആർ ഗവായ് അറിയിച്ചിട്ടുണ്ട്. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ സ്വീകരിച്ചിരിക്കുന്നത്.