ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാനൊരുങ്ങി സർക്കാർ, ഡബ്ല്യു.സി.സി പ്രതിഷേധം തുടരുന്നു
|അടുത്തമാസം സിനിമാ സംഘടനകളുടെ യോഗം വീണ്ടും വിളിക്കും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിലുള്ള ഡബ്ല്യു.സിസിയുടെ പ്രതിഷേധം തുടരുന്നതിനിടെ റിപ്പോർട്ട് നടപ്പിലാക്കാനുള്ള തുടർ നടപടികളുമായി സർക്കാർ. സിനിമാ സംഘടനകളുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സർക്കാർ നിയമ നിർമാണത്തിലേക്ക് കടക്കും. അടുത്തമാസം സിനിമാ സംഘടനകളുടെ യോഗം വീണ്ടും വിളിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിലുള്ള പ്രതിഷേധം ഡബ്ല്യു.സിസി കടുപ്പിച്ചെങ്കിലും നിലപാട് മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല. നിയമപ്രശ്നങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെടുന്നവർക്ക് മറ്റ് ചില ഉദ്ദേശമാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനപ്പുറം സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ആവർത്തിക്കുന്നു.
കഴിഞ്ഞ ദിവസം സിനിമാ സംഘടനകളുടെ യോഗത്തിൽ ഡബ്ല്യു.സി.സി ഉയർത്തിയ പ്രതിഷേധം സർക്കാർ കാര്യമായെടുത്തിട്ടില്ല. ഹേമ കമ്മിറ്റി നിർദേശങ്ങളോട് അമ്മ, ഫെഫ്ക അടക്കമുള്ള മറ്റു സംഘടനകൾ കാര്യമായ എതിർപ്പ് പ്രകടിപ്പിക്കാത്തത് സർക്കാർ നടപടിക്ക് കരുത്തേകുന്നു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിക്കാൻ അഞ്ചംഗ സമിതിയെ സാംസ്കാരികവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് വൈകാതെ നൽകണമെന്നാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് കിട്ടിയ ശേഷം നിയമ നിർമാണത്തിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി സിനിമാ സംഘടനകളുടെ യോഗത്തിനുശേഷം നിയമ വകുപ്പുമായി കൂടിയാലോചന നടത്തും. തുടർന്ന് വിഷയത്തിൽ ബില്ല് തയ്യാറാക്കി നിയമസഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ ആലോചന.