ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും
|എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ നൽകുക
പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. ഇതിന് സർക്കാർ അനുമതി നൽകി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ 2022 ജനുവരി 14 നാണ് കോടതി വെറുതെ വിട്ടത്. പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി. ഗോപകുമാർ വിധി പറഞ്ഞിരുന്നത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. നാലു വർഷത്തോളം നീണ്ട നിയമവ്യവഹാരങ്ങൾക്ക് ശേഷമായിരുന്നു വിധി പുറത്തുവന്നത്. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിരുന്നു.
105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. 2018 ജൂൺ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബർ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിൻറെ കയ്യിൽ വിലങ്ങുവീണു. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.
The government will appeal against the acquittal of Bishop Franco