Kerala
സമരാഭാസങ്ങൾക്കു മുന്നിൽ സർക്കാർ കീഴടങ്ങില്ല; പ്രതിഷേധങ്ങൾക്കെതിരെ കോടിയേരി ബാലകൃഷ്ണൻ
Kerala

'സമരാഭാസങ്ങൾക്കു മുന്നിൽ സർക്കാർ കീഴടങ്ങില്ല'; പ്രതിഷേധങ്ങൾക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

Web Desk
|
11 Jun 2022 3:01 PM GMT

കെ ടി ജലീലിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തേണ്ടതുണ്ടെന്നും കോടിയേരി

സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമരാഭാസത്തിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ഇടത് വിരുദ്ധർ പുതിയ കള്ള കഥകളുമായി ഇറങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ ഒരിക്കൽ അന്വേഷിച്ച കേസാണിത്. സ്വർണം അയച്ച ആളെയും ഏറ്റുവാങ്ങിയവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. കേസ് കൃത്യമായി അന്വേഷിച്ചാൽ ബിജെപിയുമായി ബന്ധമുള്ള ചിലരിൽ എത്തും, അതുകൊണ്ട് അന്വേഷണം അവസാനിപ്പിച്ചുവെന്നും കോടിയേരി വിശദമാക്കി. മുഖ്യമന്ത്രിക്ക് സ്വർണകടത്തിൽ ബന്ധം ഇല്ലന്നായിരുന്നു നേരത്തെ സ്വപ്ന മൊഴി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ കഥകൾ പ്രചരിപ്പിക്കുകയാണ്. ഈ കഥകൾക്കെല്ലാം അൽപ്പായുസ്സ് മാത്രമാണുള്ളതെന്നും ഏതെങ്കിലും നേതാവ് തെറ്റ് ചെയ്താൽ നടപടി എടുക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കെ ടി ജലീലിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തേണ്ടതുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ആരെക്കുറിച്ചും എന്തും വിളിച്ചു പറയാം എന്ന അവസ്ഥ ഉണ്ടാകരുത്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പാർട്ടി പ്രവർത്തകർ രംഗത്ത് ഇറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ പ്രതികരിച്ച കോടിയേരി ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെയും പ്രതിഷേധമറിയിച്ചു. പ്രവാചകനെ നിന്ദിക്കാം എന്ന അവസ്ഥ പോലും രാജ്യത്ത് സംജാതമായിരിക്കുകയാണെന്നും ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ ഒറ്റപെട്ടുവെന്നും കോടിയേരി പറഞ്ഞു. എന്നാൽ മതനിന്ദ തെറ്റാണെന്ന് പറയാൻ പോലും ബിജെപി തയ്യാറായിട്ടില്ല. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്‌ലാമി എന്നിവരെ കൂട്ടുപിടിച്ച് കോൺഗ്രസ്സ് പുതിയ രാഷ്ട്രീയ സഖ്യത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി തുറന്നടിച്ചു.

Similar Posts