Kerala
The governor was angry that the banner at calicut university was not removed
Kerala

'കണ്ണില്ലേ നിങ്ങൾക്ക്, എന്നെ അപമാനിക്കാനാണോ ഉദ്ദേശ്യം?'; ക്ഷുഭിതനായി ഗവർണർ, പൊലീസിനെ കൊണ്ട് ബാനർ അഴിപ്പിച്ചു

Web Desk
|
17 Dec 2023 1:51 PM GMT

ഒരു ബാനർ അഴിപ്പിച്ചാൽ നൂറെണ്ണം സ്ഥാപിക്കുമെന്നായിരുന്നു ബാനർ നീക്കം ചെയ്യണമെന്ന ഗവർണറുടെ നിർദേശത്തോട് നേരത്തേ എസ്എഫ്‌ഐയുടെ മറുപടി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാത്തതിൽ ക്ഷുഭിതനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിൽ നേരിട്ടിറങ്ങി ബാനറുകൾ ചൂണ്ടിക്കാട്ടി ഗവർണർ ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു. നിങ്ങൾക്കൊന്നും കണ്ണില്ലേ എന്നും എന്നെ അപമാനിക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം എന്നുമായിരുന്നു മലപ്പുറം എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഗവർണറുടെ ചോദ്യം.

"എസ്എഫ്‌ഐ ആണ് സർവകലാശാല ഭരിക്കുന്നത്. അവർ പറയുന്നത് പോലെയാണ് ഇവിടെ കാര്യങ്ങൾ. പോസ്റ്ററുകൾ ഇപ്പോഴുമവിടെയുള്ളത് നിങ്ങൾ കാണുന്നില്ലേ. എന്നെ അപമാനിക്കാനാണോ ഭാവം? ബാനർ ഇപ്പോഴുമിവിടെയുള്ളതിൽ നിങ്ങളാണ് ഉത്തരവാദികൾ. ഇപ്പോഴല്ലെങ്കിൽ മൂന്ന് നാല് മാസത്തിനുള്ളിൽ എന്തായാലും നിങ്ങളിതിന് ഉത്തരം പറഞ്ഞിരിക്കും. മുഖ്യമന്ത്രി എല്ലാക്കാലവും ആ സ്ഥാനത്ത് കാണില്ല. മുഖ്യമന്ത്രി ആയിരുന്നു ഗസ്റ്റ് ഹൗസിൽ താമസമെങ്കിൽ ഈ ബാനറുകൾ ഇവിടെ കാണുമായിരുന്നോ?" സുരക്ഷാ ഉദ്യോഗസ്ഥരോട് ഗവർണർ ക്ഷുഭിതനായി ചോദിച്ചു. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ഗവർണർ ജില്ല പൊലീസ് മേധാവിയെ കൊണ്ട് നേരിട്ടു തന്നെ ബാനറുകൾ അഴിപ്പിക്കുകയും ചെയ്തു.

ഒരു ബാനർ അഴിപ്പിച്ചാൽ നൂറെണ്ണം സ്ഥാപിക്കുമെന്നായിരുന്നു ബാനർ നീക്കം ചെയ്യണമെന്ന ഗവർണറുടെ നിർദേശത്തോട് നേരത്തേ എസ്എഫ്‌ഐയുടെ മറുപടി. ഗവർണർക്കെതിരായ ബാനറുകൾ നീക്കം ചെയ്യാൻ ഇത് രാജഭരണം അല്ലെന്നും ബാനറുകൾ നീക്കം ചെയ്യുന്നതല്ല പൊലീസിന്റെ പണിയെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചിരുന്നു.

തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടും അത് ചെയ്യാതിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്ന് ഗവർണർ തന്നെ ക്യാംപസിൽ നേരിട്ടിറങ്ങി ഉദ്യോഗസ്ഥരെക്കൊണ്ട് ബാനർ അഴിപ്പിക്കുകയായിരുന്നു.


Similar Posts