Kerala
ധനമന്ത്രിക്കുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ നടപടി കോടതി കയറാൻ സാധ്യത
Kerala

ധനമന്ത്രിക്കുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ നടപടി കോടതി കയറാൻ സാധ്യത

Web Desk
|
27 Oct 2022 12:54 AM GMT

നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സർക്കാർ നീക്കം

തിരുവനന്തപുരം: ധനമന്ത്രിക്കുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ നടപടി കോടതി കയറാൻ സാധ്യത. ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സർക്കാർ നീക്കം.

ധനമന്ത്രി കെ.എൻ ബാലഗോപാലിനോട് ഉണ്ടായിരുന്ന പ്രീതി നഷ്ടപ്പെട്ടു എന്ന് വ്യക്തമാകി ഗവർണർ നൽകിയ കത്തു മുഖ്യമന്ത്രി തള്ളി എങ്കിലും പ്രതിസന്ധി അവസാനിക്കാൻ സാധ്യതയില്ല. ഗവർണരുടെ പ്രീതി നഷ്ടപെട്ട മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്ന വാദം ഉയർത്തി ആരെങ്കിലും കോടതിയെ സമീപിച്ചേക്കാം എന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന്‍റെ ഏതെങ്കിലും അനുഭാവികൾ അത് ചെയ്യാനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനു വേണ്ടിയാണ് ഗവർണർ ഇത് ചെയ്തത് എന്നും വിലയിരുത്തൽ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ അത് സുപ്രീംകോടതി വരെ നീളുന്ന നിയമപോരാട്ടമായി വളര്‍ന്നേക്കും. ഭരണഘടന ബെഞ്ച് വരെ പരിഗണിക്കപ്പെടെണ്ട കേസ് ആയി അത് മാറും.

അതിനിടെ മന്ത്രിയോട് ഉള്ള പ്രീതി പിൻവലിച്ച ഗവർണരുടെ തീരുമാനത്തെ ചൊല്ലി പല അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഗവർണർക്ക് അധികാരം ഇല്ല എന്ന് തന്നെ ആണ് ഭൂരിപക്ഷ അഭിപ്രായം. ഭരണ ഘടനയുടെ ആർട്ടിക്കിൾ 164 (1) ലാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നിയമനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുമ്പോൾ ഗവർണർക്ക് ആരുടെയും ഉപദേശം തേടേണ്ടതില്ലെങ്കിലും മുഖ്യമന്ത്രിയുടെ ശിപാർശയിൽ മാത്രമേ മന്ത്രിയെ നിയമിക്കാൻ കഴിയൂ. സർക്കാരിന് സഭയിൽ ഭൂരിപക്ഷം നിലനിൽക്കുന്ന കാലം ഗവർണറുടെ പ്രീതി നിലനിൽക്കും. സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെടുകയും എന്നാൽ രാജിവെക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഗവർണർക്ക് തന്‍റെ പ്രീതി പിൻവലിക്കാൻ കഴിയൂ. എന്നാൽ ഭരണഘടന പ്രകാരം ഗവർണരുടെ പ്രീതി മന്ത്രി സ്ഥാനത്ത് തുടരാൻ അനിവാര്യം ആണെന്ന് വാദിക്കുന്നവരും ഉണ്ട്.



Similar Posts