സ്വാതന്ത്ര്യദിനത്തിൽ ഗവർണറുടെ ചായസൽക്കാരമില്ല; തീരുമാനം മഴക്കെടുതി കണക്കിലെടുത്ത്
|ചായസൽക്കാരത്തിനുള്ള തുക ദുരിതബാധിതർക്ക് വേണ്ടി വിനിയോഗിക്കാനാണ് തീരുമാനം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനില്‍ ഗവർണർ നടത്താറുള്ള ചായസല്‍ക്കാരം ഒഴിവാക്കി. കനത്ത മഴമൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഈ തുക ദുരിതബാധിതർക്ക് വേണ്ടി വിനിയോഗിക്കാനാണ് തീരുമാനം.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നിയമസഭയിൽ പ്രത്യേക യോഗം ചേരും. 22ാം തീയതി രാവിലെ ചേരുന്ന യോഗത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങളെ സഭ സ്മരിക്കുന്നത്. അന്ന് മറ്റ് നടപടിക്രമങ്ങളുണ്ടാകില്ല. ഈ മാസം 22 മുതൽ സെപ്റ്റംബർ രണ്ട് വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സര്‍ക്കാരിന്‍റെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.
ഗവർണർ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം. 11 ഓർഡിനൻസുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സഭാ സമ്മേളനം ചേർന്നിരുന്നു.