മലമ്പുഴയിൽ അപകടത്തിൽപ്പെട്ട ആനയുടെ ആരോഗ്യനില അതീവ ഗുരുതരം; എഴുന്നേൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു
|ആനയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി ആനപ്രേമി സംഘം രംഗത്തെത്തി.
പാലക്കാട്: മലമ്പുഴയില്‍ കാലിന് പരിക്കേറ്റ ആനയുടെ ആരോഗ്യനില ഗുരുതരം. എഴുന്നേല്‍ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. അഞ്ചുപേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ആനയെ പരിപാലിക്കുന്നത്. വനത്തില്‍ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്.
ആനയുടെ ആന്തരിക അവയവങ്ങളുടെ പരിക്ക് സാരമുള്ളതാണ്. കാലിന്റെ കുഴ തെറ്റിയതാകാമെന്നാണ് നിഗമനം. ആനയ്ക്ക് വിദഗ്ദ ചികിത്സ നൽകി വരുകയാണെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
അതിനിടെ, കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി ആനപ്രേമി സംഘം രംഗത്തെത്തിയിരുന്നു. ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നു. വനംവകുപ്പ് ജി.പി.ഒ എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംമന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ പരാതി നൽകുകയും ചെയ്തിരുന്നു.