കെ റെയിൽ ഡിപിആർ തയ്യാറാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാരിനോട് ഹൈക്കോടതി
|സാമുഹികാഘാത പഠനത്തിനാണ് സർവേ നടത്തിയത് , ഭൂമി ഏറ്റെടുക്കലിനല്ല, സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി
കെറെയിലിൽ ഡിപിആർ തയ്യാറാക്കിയത് എന്തിന്റ അടിസ്ഥാനത്തിലാണെന്ന് സർക്കാരിനോട് ഹൈക്കോടതി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആർ വിവരങ്ങൾ സർക്കാർ അടുത്തിടെ പുറത്തു വിട്ടിരുന്നു. ഡിപിആർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.
നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ പദ്ധതിക്ക് തയാറെടുത്തതെന്നും സർവേ നടത്തും മുമ്പേ തന്നെ ഡിപിആർ തയാറാക്കിയോയെന്നും സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കൂടാതെ സർവേയുടെ അടിസ്ഥാനത്തിൽ ഡിപി ആർ തയാറാക്കിയത് നിയമപരമാണോ, സർവ്വേ പൂർത്തിയാകാതെ 955 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ എങ്ങനെ അനുമതി നൽകും, ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ ഡിപി ആർ തയാറാക്കിയത് നിയമപരമാണോ, എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയ സർക്കാർ നടപടി പുതിയ സംവാദത്തിന് തിരി കൊളുത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് തത്വത്തിൽ അനുമതി കിട്ടിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഏരിയൽ സർവേയുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കിയതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിമേഖലയിൽ നേരിട്ടെത്തിയുളള സർവേ തുടരുകയാണ്, സാമുഹികാഘാത പഠനത്തിനാണ് സർവേ നടത്തിയത് , ഭൂമി ഏറ്റെടുക്കലിനല്ല. കോടതി പരാമർശങ്ങളുടെ പേരിൽ ആളുകൾ സർവേക്കല്ലുകളിൽ റീത്ത് വയ്ക്കുകയാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.