പറഞ്ഞു പറഞ്ഞു മടുത്തു; കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി
|റോഡിന്റെ ദുരവസ്ഥക്ക് ഉത്തരവാദി ആരാണെങ്കിലും കോടതിയലക്ഷ്യ കേസെടുക്കുക മാത്രമാണ് വഴിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി. റോഡിന്റെ ദുരവസ്ഥക്ക് ഉത്തരവാദി ആരാണെങ്കിലും കോടതിയലക്ഷ്യ കേസെടുക്കുക മാത്രമാണ് വഴിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹരജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
റോഡുകൾ നന്നാക്കണമെന്ന് കോർപ്പറേഷനോടും ബന്ധപ്പെട്ട അധികാരികളോടും കൃത്യമായി തന്നെ കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചെറിയ മഴ പെയ്താൽ പോലും റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം ഇന്ന് കോടതി സൂചിപ്പിക്കുകയും ചെയ്തു.
ഹൈക്കോടതിയിലെ പല ജഡ്ജിമാരും റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യുറിയെ കോടതി നിയമിച്ചിരുന്നു. ഏതൊക്കെ സ്ഥലങ്ങളിലാണ് റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുന്നതെന്നും വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.