Kerala
വിസ്മയ കേസ് പ്രതി കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Kerala

വിസ്മയ കേസ് പ്രതി കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Web Desk
|
8 Oct 2021 12:33 PM GMT

മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥാനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.

വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. സ്ത്രീധന പീഡനം എന്ന സാമൂഹിക തിന്മയാണ് കിരണ്‍ നടത്തിയിരിക്കുന്നത്. പ്രതിയുടെ അവകാശം സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള ബാധ്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥാനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

105 ദിവസത്തിലേറെയായി കിരണ്‍കുമാര്‍ ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും ജയിലില്‍ കഴിയേണ്ടതില്ല എന്നുമാണ് കിരണ്‍കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചത്.വിസ്മയ ടിക് ടോക്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ അടിമയായിരുന്നു. വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നെന്നും കിരണ്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിസ്മയയുടെ പിതാവും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മകളെ സ്ത്രീധന പീഡനത്തിന് ഇരായാക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത കിരണിന് ജാമ്യം നിഷേധിക്കണമെന്നും വിസ്മയയുടെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

Similar Posts