25 വര്‍ഷം മുമ്പുള്ള ലോക്കപ്പ് മര്‍ദ്ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു
|കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996ൽ തന്നെ അയ്യപ്പൻ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.
25 വര്‍ഷം മുമ്പുള്ള ലോക്കപ്പ് മര്‍ദ്ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കീഴ്കോടതി വിധിച്ച ഒരു വര്‍ഷം തടവും പിഴയും ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. ഏഴുകോൺ സ്വദേശി അയ്യപ്പനെ മര്‍ദ്ദിച്ച കേസിലാണ് കോടതി നടപടി. കൊട്ടാരക്ക മജിസ്ടേറ്റ് കോടതിയാണ് 2009 ല്‍ ശിക്ഷ വിധിച്ചത്. എസ്.ഐ ഡി.രാജഗോപാൽ, പൊലിസുകാരായ മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവരാണ് പ്രതികള്‍. രണ്ടാം പ്രതി എ.എസ്.ഐ ടി.കെ പൊടിയൻ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കെട്ടിച്ചമച്ച് അയ്യപ്പനെതിരെ ചാർജ് ചെയ്ത കേസിൽ അയ്യപ്പന്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. മേൽ കോടതികളും ഈ വിധി ശരിവെച്ചു.
കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996 ൽ തന്നെ അയ്യപ്പൻ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2009 ഏപ്രിൽ 3ന് മജിസ്ട്രേറ്റ് എ.എസ്.മല്ലിക പൊലീസുകാരെ ഒരു വർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 10000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടായി. ഈ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്.