സര്‍ക്കാരിന് ആശ്വാസ വിധി; കെ-റെയില്‍ സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
|ഹരജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സിൽവർലൈനിൽ സർവ്വേ നടപടികൾ തുടരാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ-റെയില്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഹരജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
ഡി.പി.ആര് തയ്യാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച് നിർദേശവും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡി.പി.ആര് സംബന്ധിച്ച് പ്രതിപക്ഷം അടക്കം കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇതും സര്‍ക്കാരിന് ആശ്വാസം നല്കുന്ന കാര്യമാണ്.
നേരത്തെ തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന് ബെഞ്ചിന്റെ പുതിയ ഉത്തരവ്. കെ-റെയില്‍ സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തങ്ങളുടെ അധികാരത്തിന് അപ്പുത്തുള്ള കാര്യങ്ങളില്‍ സിംഗിള്‍ ബെഞ്ച് ഇടപെടുന്നതായി സർക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെയടക്കം അത് ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.