അബ്ദുൽ റഹീമിന്റെ മോചനം: ഏറ്റവുമധികം പണം ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്
|ഗുജറാത്തും മഹാരാഷ്ട്രയുമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹായം ഒഴുകിയെത്തി
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ മലയാളികൾ സമാഹരിച്ചത് സമാനതകളില്ലാത്ത പുണ്യപ്രവർത്തിയായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഇത്രയുമധികം തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചത്. ‘സേവ് അബ്ദുൽ റഹീം’ ആപ്പ് വഴി ഓരോ സെക്കൻഡിലും ലഭിക്കുന്ന തുകയുടെ കണക്ക് പൊതുജനങ്ങൾക്ക് അറിയാൻ സാധിച്ചിരുന്നു.
മാർച്ച് ഏഴിനാണ് ഈ ആപ്പ് പുറത്തിറക്കിയത്. നിലവിൽ ആപ്പിലെ കണക്ക് പ്രകാരം അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലഭിച്ചത് 34,47,16,614 രൂപയാണ്.
തികച്ചും സുതാര്യമായിട്ടായിരുന്നു ആപ്പിന്റെ പ്രവർത്തനം. സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, സംഘടനകൾ, വ്യക്തി എന്നിങ്ങനെ പണം എവിടെ നിന്നാണ് വന്നത് എന്നതിന്റെ പൂർണ വിവരം ഇതിൽ ലഭ്യമാണ്.
ആപ്പിലെ ഡാറ്റ പ്രകാരം മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചത്. 9,28,36,577 രൂപയാണ് മലപ്പുറത്തുകാർ അബ്ദുൽ റഹീമിന്റെ മോചനത്തിനായി നൽകിയത്.
കോഴിക്കോട് - 3,95,70,683, കണ്ണൂർ - 2,18,64,101, പാലക്കാട് - 1,59,85,347, തൃശൂർ - 1,39,91,604, എറണാകുളം - 1,18,16,017, കാസർകോട് - 1,17,19,439, തിരുവനന്തപുരം - 78,56,663, കൊല്ലം - 69,40,468, വയനാട് - 45,91,949, ആലപ്പുഴ - 38,82,186, കോട്ടയം - 29,01,838, പത്തനംതിട്ട - 20,48,361, ഇടുക്കി - 12,36,690 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്ന് ലഭിച്ച തുക.
23,72,42,623 രൂപയാണ് കേരളത്തിൽ നിന്ന് ആകെ ലഭിച്ചത്. കർണാടക - 28,91,743, തമിഴ്നാട് - 13,75,350, ലക്ഷദ്വീപ് - 8,07,702, ആൻഡമാൻ ആൻഡ് നിക്കോബാർ - 2,46,667, മഹാരാഷ്ട്ര - 2,37,318, ഗുജറാത്ത് - 2,24,737, ആന്ധ്രപ്രദേശ് - 1,93,287 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ചു. ജനറൽ കാറ്റഗറിയിൽ 1,08,24,555 രൂപയും സമാഹരിച്ചു.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച തുകയും ആപ്പിൽ ലഭ്യമാണ്. 29,54,965 രൂപയുമായി കോഴിക്കോട് ജില്ലയിലെ നാദാപുരമാണ് മുന്നിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽനിന്ന് 23,77,976 രൂപയും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുനിന്ന് 22,60,638 രൂപയും ലഭിച്ചു.
ഇത് കൂടാതെ ഏറ്റവുമധികം തുക നൽകിയ വ്യക്തികളുടെയും സംഘടനകളുടെയും വിവരവും ആപ്പിൽ ലഭ്യമാണ്. കൂടാതെ ആപ്പിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാർ എത്ര തുക സമാഹരിച്ചു എന്ന ഡാറ്റയും ഇതിലുണ്ട്.
അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആപ്പ് തയാറാക്കിയത്. സ്പൈൻ കോഡ്സ് എന്ന സ്റ്റാർട്ടപ് സംരംഭമാണ് ഇത് തയാറാക്കി നൽകിയത്. മലപ്പുറം സ്വദേശികളായ ഹാഷിം, ഷുഹൈബ്, അഷ്ഹർ എന്നിവരാണ് ഇതിന്റെ അണിയറ ശിൽപ്പികൾ.