കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി പിടികൂടി
|പാലക്കാട് ഭാഗത്തു നിന്ന് വന്ന ടോറസ് പുറകു ഭാഗം ഉയർത്തി തുരംഗത്തിന് ഇടത് വശത്തുള്ള എൽ ഇ ഡി ലൈറ്റ് പാനൽ ഇടിച്ച് താഴെ ഇടുകയായിരുന്നു
കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി പൊലീസ് പിടികൂടി. ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമാണ കമ്പനി സഹ കരാർ ഏറ്റെടുത്ത കമ്പനിയുടെ ടോറസാണ് പിടിയിലായത്. മണ്ണ് ഇറക്കിയ ശേഷം ബക്കറ്റ് താഴ്ത്താൻ മറന്നു പോയതാണ് ലൈറ്റുകൾ തകരാൻ കാരണമായതെന്ന് ഡ്രൈവർ വിശദീകരിച്ചു.
പാലക്കാട് ഭാഗത്തു നിന്ന് വന്ന ടോറസ് പുറകു ഭാഗം ഉയർത്തി തുരംഗത്തിന് ഇടത് വശത്തുള്ള എൽ ഇ ഡി ലൈറ്റ് പാനൽ ഇടിച്ച് താഴെ ഇടുകയായിരുന്നു. നൂറിലധികം ലൈറ്റുകൾ ഇങ്ങനെ തകർന്നു നിലത്ത് വീണു. നിരീക്ഷണ ക്യാമറ, സെൻസറിങ് സിസ്റ്റം എന്നിവ പൂർണമായും നശിച്ചു. 10 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ദേശീയ പാത അതോറിറ്റിയുടെ ഇലെക്ട്രിക്കൽ വിഭാഗം വ്യക്തമാക്കി. വാഹനത്തിന്റെ നമ്പർ മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് മീഡിയാ വണിനോട് പറഞ്ഞിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലോറി പൊലീസ് പിടികൂടിയത്.