ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
|കോൺഗ്രസ് നേതാവിന്റെ പരാതിയിൽ വിനായകനെതിരെ എറണാകുളം കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു
കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ ചെയ്ത കേസിൽ നടൻ വിനായകന്റ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, സമൂഹമാധ്യമങ്ങളിലുടെ അപകീർത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവത്തിൽ പ്രതിഷേധിച്ച് വിനായകന്റെ ഫ്ലാറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നായിരുന്നു പരാമർശം.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച് സംസാരിച്ചത്.
സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് നടൻ പോസ്റ്റ് പിൻവലിച്ചിരുന്നു.