കല്ലാറിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്: ഹൈക്കോടതി
|സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി
ഇടുക്കി: അടിമാലി കല്ലാറിൽ ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും സ്വകാര്യ വ്യക്തികൾ നടത്തുന്ന ഇത്തരം ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഇടുക്കി ജില്ലാ കലക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. കൊല്ലപ്പെട്ട പാപ്പാന്റെ കുടുംബത്തിന് എന്തെങ്കിലും സാമ്പത്തിക സഹായം നൽകിയോ എന്നും അറിയിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞമാസം മാസം 20നാണ് ആനപാപ്പാൻ കൊല്ലപ്പെട്ടത്. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറിൽ പ്രവർത്തിക്കുന്ന കേരളാ സ്പൈസസ് എന്ന സ്ഥാപനത്തിനോടനുബന്ധിച്ചുള്ള ആന സവാരി കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. വിനോദ സഞ്ചാരികളെ ആനപ്പുറത്ത് കയറ്റാൻ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.