വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: ഏഴ് പ്രതികൾക്കും ജാമ്യം
|നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് കോളേജിലെ ശുചീകരണ തൊഴിലാളികളാണെന്ന് കേസിൽ അറസ്റ്റിലായ യുവതിയുടെ അച്ഛൻ ജോബി ഇന്നലെ പറഞ്ഞിരുന്നു
കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏഴ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. കടയ്ക്കൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരൻ ഐസക് രാജു, ഒബ്‌സർവർ ഡോ. ഷംനാദ് എന്നിവർക്കും കരാർ ജീവനക്കാരായ മൂന്നുപേർക്കും, രണ്ട് കോളേജ് ശുചീകരണ തൊഴിലാളികൾക്കുമാണ് ജാമ്യം.
പരീക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകനും എൻടിഎ നിയോഗിച്ച ഒബ്സര്‍വറും ഇന്നാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിര്‍ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് കോളേജിലെ ശുചീകരണ തൊഴിലാളികളാണെന്ന് കേസിൽ അറസ്റ്റിലായ യുവതിയുടെ അച്ഛൻ ജോബി ഇന്നലെ പറഞ്ഞിരുന്നു. ദേഹപരിശോധന മാത്രമാണ് തന്റെ മകൾ നടത്തിയത്. കരുനാഗപ്പള്ളി സ്വദേശിയുടെ നിർദേശപ്രകാരം എട്ടുപേരെ താൻ പരീക്ഷ നടത്തിപ്പിനായി നിയോഗിച്ചതായും യുവതിയുടെ അച്ഛൻ മീഡിയ വണ്ണിനോട് പറഞ്ഞു
വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ നേരത്തെ രംഗത്ത് വന്നിരുന്നു. ആയൂർ മാർത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജൻസിക്കെതിരെ രംഗത്ത് വന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദേശിച്ചുവെന്നും ഏജൻസിക്കാരുടെ ആവശ്യപ്രകാരം വിദ്യാർത്ഥിനികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തൽ.