പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു
|പടയപ്പയെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്
ഇടുക്കി: മൂന്നാറിൽ പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ജീപ്പ് ഡ്രൈവർമാർ കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ തമിഴ് നാട്ടിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്.
കാട്ടുകൊമ്പനായ പടയപ്പടെ കാണാൻ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. പടയപ്പയെ കാണിക്കാം എന്ന് വാഗ്ദാനം നൽകി റിസോർട്ട് ഉടമകളും, ജീപ്പ് ഡ്രൈവർമാരും വിനോദ സഞ്ചാരികളെ കൂട്ടികൊണ്ടു പോകുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണ് എന്നാണ് വനം വകുപ്പ് പറയുന്നത്. പടയപ്പയെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
വനം വകുപ്പ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് വിനോദ സഞ്ചാര വകുപ്പിനും നൽകിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചിരുന്നു.