മന്ത്രി അഹമ്മദ് ദേവർകോവിൽ പാർട്ടിയുടെ മുതലാളിയല്ല: ഐഎൻഎൽ വഹാബ് പക്ഷം
|2022 - 25 വർഷകാലത്തെ ഭാരവാഹികളെ ഐഎൻഎൽ വഹാബ് വിഭാഗം തിരഞ്ഞെടുത്തു
മന്ത്രി അഹമ്മദ് ദേവർകോവിൽ പാർട്ടിയുടെ മുതലാളിയല്ലെന്നും അദ്ദേഹം പാർട്ടിക്ക് വിധേയമാകണമെന്നും ഐഎൻഎൽ വഹാബ് പക്ഷം പ്രസിഡൻറ് എപി അബ്ദുൽ വഹാബ്. മന്ത്രി വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നതായി കുറ്റപ്പെടുത്തിയ അദ്ദേഹം ഇടതുമുന്നണിക്ക് പരാതി നൽകുമെന്നും അറിയിച്ചു. 2022 - 25 വർഷകാലത്തെ ഭാരവാഹികളെ വാർത്താസമ്മേളനത്തിൽ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 വരെയുള്ള കമ്മിറ്റിൽപ്രൊഫസർ എ പി അബ്ദുൽ വഹാബിനെ സംസ്ഥാന പ്രസിഡന്റായും സി പി നാസർകോയ തങ്ങളെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എൻ കെ അബ്ദുൾ അസീസാണ് ഓർഗനൈസിംഗ് സെക്രട്ടറി. ബഷീർ ബടേരിയെ ട്രഷററായും തിരഞ്ഞെടുത്തു. വഹാബ് പക്ഷം നയരൂപീകരണ സമിതിയും രൂപവത്കരിച്ചു. എപി വഹാബ് തന്നെയാണ് സമിതി ചെയർമാൻ. അഡ്വക്കറ്റ് സൈഫുദ്ദീനാണ് കൺവീനർ.
എ.പി അബ്ദുൽ വഹാബിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ ദേശീയ കമ്മിറ്റി ഐ.എന്‍.എല്ലി ൽ നിന്ന് പുറത്താക്കിയിരുന്നു. വഹാബ് പക്ഷത്തിന്‍റെ ജനറൽ സെക്രട്ടറിയായ നാസർ കോയ തങ്ങളേയും പുറത്താക്കിയിരുന്നു. രൂപീകരണ സമയം മുതൽ ഐ.എന്‍.എല്ലി നൊപ്പം ഉണ്ടായിരുന്ന നേതാവാണ് വഹാബ്. ആറ് വർഷത്തേക്കാണ് ഇരുവരേയും പുറത്താക്കിയത്.കഴിഞ്ഞ മാസം 17 നാണ് ഐ.എല്‍ ഔദ്യോഗികമായി പിളർന്നത്. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയുമാണ് തിരഞ്ഞെടുത്തിരുന്നത്. അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗത്തിലാണ് അന്ന് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്.
ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് എ.പി അബ്ദുൽ വഹാബ് അന്ന് ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഐ.എന്‍.എല്‍ ഇല്ലെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റിനോട് സൂചിപ്പിച്ചതാണ് തനിക്കെതിരെ തിരിയാൻ കാരണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു.ദേശീയ നേതൃത്വത്തിന്‍റെ പ്രധാന ജോലി ആളുകളെ പുറത്താക്കലാണ്. തർക്കങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ഐ.എന്‍.എല്‍ യോഗങ്ങൾ മാറിയെന്നും അബ്ദുല്‍ വഹാബ് പറഞ്ഞിരുന്നു.പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്‍റിനും സെക്രട്ടറിക്കും ഐഎൻഎൽ ദേശീയ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.