Kerala
ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
Kerala

ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

Web Desk
|
24 Jan 2022 1:00 AM GMT

കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയപരിശോധനയും ഇന്ന് നടത്തും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്ന് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയപരിശോധനയും ഇന്ന് നടത്തും.

അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്‍റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടത്തു.

പതിമൂന്നാം തിയതി നടന്ന റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത ദിലീപിന്‍റെയും അനൂപിന്‍റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം വിട്ടുനല്‍കിയില്ല. അഞ്ച് ഫോണുകളും ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഇന്നും രാവിലെ ഒമ്പത് മണിക്ക് തന്നെ ദിലീപും മറ്റ് പ്രതികളും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. നാളെയും പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.



Similar Posts