Kerala
ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയായത് കൊണ്ടാണ് ക്ഷണം സ്വീകരിച്ചത്; കാരണങ്ങൾ നിരത്തി തരൂർ
Kerala

ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയായത് കൊണ്ടാണ് ക്ഷണം സ്വീകരിച്ചത്; കാരണങ്ങൾ നിരത്തി തരൂർ

Web Desk
|
21 March 2022 3:50 PM GMT

'സോണിയാ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു'

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്കുള്ള ക്ഷണം സ്വാകരിച്ചതിനെ ന്യായീകരിച്ച് ശശി തരൂർ. ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയായത് കൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് തരൂർ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധമായിരുന്നു സെമിനാറിന്റെ വിഷയം. കോൺഗ്രസിനും സിപിഎമ്മിനും ഈ വിഷയത്തിൽ തർക്കമില്ല. ബിജെപിക്കെതിരായ മറ്റ് പാർട്ടികളുടെ നിലപാടുകളെ കുറിച്ചായിരുന്നു ചർച്ച. സോണിയാ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും തരൂർ കൂട്ടിച്ചേർത്തു.

സിപിഎം സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയിരുന്നു. ഇക്കാര്യം കേരളത്തിലെ എംപിമാർ സോണിയാ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെയെന്നും അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്.

കണ്ണൂരിൽ നടക്കുന്ന ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്കാണ് സിപിഎം, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെവി തോമസ്, ശശി തരൂർ എന്നിവരെ ക്ഷണിച്ചത്. ഇക്കാര്യം ഇരു നേതാക്കളെയും അറിയിച്ചെങ്കിലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാം എന്ന നിലപാട് ആണ് ശശി തരൂർ എംപി സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശ്രദ്ധയിൽ കൊണ്ട് വന്നതോടെയാണ് സോണിയാ ഗാന്ധി ശശി തരൂരിനെയും കെവി തോമസിനെയും സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്. കെപിസിസി നേതൃത്വം സ്വീകരിച്ച നിലപാടിന് ഒപ്പം നിൽക്കാനായിരുന്നു ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയ നിർദേശം.

അതേ സമയം സിപിഎം, കോൺഗ്രസ് നിലപാടിനോടുള്ള വിമർശനം കൂടുതൽ ശക്തിപ്പെടുത്തി. കോൺഗ്രസ് നേതാക്കൾക്ക് സൗകര്യമുണ്ടെങ്കിൽ പങ്കെടുത്താൽ മതിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Similar Posts