ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ റിപ്പോർട്ട് നൽകിയേക്കും; കലക്ടർ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത
|പി.പി ദിവ്യയുടെ ആരോപണം കലക്ടർ തള്ളി
തിരുവനന്തപുരം: എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോർട്ട് നൽകിയേക്കും. ഇതിനു പിന്നാലെ നടപടി സ്വീകരിച്ചേക്കും എന്നാണ് വിവരം. താൻ ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തത് എന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ആരോപണം കലക്ടർ തള്ളി.
ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. കലക്ടർ ക്ഷണിച്ചപ്രകാരമാണ് താൻ പരിപാടിയിൽ പങ്കെടുത്തത് എന്നായിരുന്നു മുൻകൂർ ജാമ്യ അപേക്ഷയിൽ ദിവ്യ പറഞ്ഞിരുന്നത്.
സംഭവത്തിൽ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പരാതിക്കാരൻ പ്രശാന്തൻ എന്നിവയുടെ മൊഴിയെടുപ്പ് ഗീതയുടെ നേതൃത്വത്തിൽ ഇന്നലെ പൂർത്തിയായിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഗീത പറഞ്ഞു. കണ്ണൂർ കലക്ടറേറ്റിൽ നടന്ന മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം നീണ്ടു. പ്രശാന്തനെ മൊഴിയെടുക്കാനായി കണ്ണൂർ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരാതിയും തെളിവുകളും പ്രശാന്തൻ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി.
അതിനിടെ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട കലക്ടറുടെ നീക്കം ചർച്ചയായി. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തിയ അരുൺ കെ. വിജയൻ അദ്ദേഹവുമായി 20 മിനിറ്റിലേറെ സംസാരിച്ചതായാണ് വിവരം. ഉയർന്നു വന്ന ആരോപണങ്ങളിൽ കലക്ടർ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ രംഗത്തുവന്നിരുന്നു. നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാർ മൊഴി നൽകിയത്.