അഡ്മിനിസ്ട്രേറ്റർക്കും കലക്ടർക്കുമെതിരെ പ്രമേയം കവരത്തി പാസാക്കി ദ്വീപ് പഞ്ചായത്ത്
|ഏത് വികസനപദ്ധതിയും നിയമപരിഷ്കാരങ്ങളും അതതു ദ്വീപിലെ പഞ്ചായത്തുമായും ജില്ലാ പഞ്ചായത്തുമായും ആലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നും കവരത്തി ദ്വീപ് പഞ്ചായത്തംഗങ്ങള്‍
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്കും കലക്ടർക്കുമെതിരെ ദ്വീപ് പഞ്ചായത്ത് പ്രമേയവും പാസാക്കി. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്താണ് പ്രമേയം പാസാക്കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും സുപ്രീംകോടതി അംഗീകരിച്ച ഐഐഎംപി പ്രകാരം ഏത് വികസനപദ്ധതിയും നിയമപരിഷ്കാരങ്ങളും അതതും ദ്വീപിലെ പഞ്ചായത്തുമായും ജില്ലാ പഞ്ചായത്തുമായും ആലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നും കവരത്തി ദ്വീപ് പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കില്‍ത്താന്‍ ദ്വീപുകാരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ അസ്ക്കര്‍ അലിയുടെ നടപടിക്കെതിരായാണ് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരിക്കുന്നത്. മാത്രല്ല ഇതിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയ കില്‍ത്താന്‍ ദ്വീപിലെ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തിലും ഇന്നലെ ചേര്‍ന്ന ദ്വീപ് പഞ്ചായത്ത് യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കലക്ടറുടെ കോലം കത്തിച്ചതിനാണ് കില്‍ത്താന്‍ ദ്വീപില്‍ 12 പേരെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി, ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കില്‍ത്താന്‍ ദ്വീപില്‍ ജയിലുകളില്ലാത്തതിനാല്‍ ഇവരെ ഒരു ഹാളിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.