സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ലത്തീൻ സഭ; ഇന്ന് കരിദിനം, വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച്
|എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും. ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തും. എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. കടലും കരയും ഉപരോധിച്ചുള്ള പ്രക്ഷോഭത്തിനാണ് തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. ഈ മാസം 31 വരെ തുറമുഖ കവാടത്തിന് മുന്നില്‍ സമരം തുടരും.
തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടകനൽകി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. നാലാഘട്ട സമരം കൂടതല്‍ ശക്തമാക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തും. അതിനു ശേഷം വിഴിഞ്ഞം തുറമുഖത്തേക്ക് യുവാക്കള്‍ ബൈക്ക് റാലിയുമായി എത്തി മുല്ലൂരിലെ പ്രധാന കവാടം ഉപരോധിക്കും.
ഈ മാസം 31 വരെ തുറമുഖത്തിന് മുന്നില്‍ സമരം തുടരാനാണ് സഭാഹ്വാനം. ഓരോ ദിവസും വിവിധ ഇടവകകളിലെ വിശ്വാസികളും മത്സ്യത്തൊഴിലാളികളും സമരമുഖത്തേക്ക് എത്തും. സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ആരോടും ഒന്നും വിശദീകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ലത്തീന്‍ സഭ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.