Kerala
മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കരയിൽ പ്രചാരണായുധമാക്കി എൽ.ഡി.എഫ്
Kerala

മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കരയിൽ പ്രചാരണായുധമാക്കി എൽ.ഡി.എഫ്

Web Desk
|
18 May 2022 12:56 AM GMT

തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് കെ സുധാകരൻ മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച നായയോട് ഉപമിച്ചത്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.പി.സ.സി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം തൃക്കാക്കരയിൽ പ്രചാരണായുധമാക്കി ഇടതുമുന്നണി. ബുത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങൾ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചു വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങിനടക്കുകയാണെന്നായിരുന്നു കെ. സുധാകരൻറെ വിവാദ പരാമർശം.

തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് കെ സുധാകരൻ മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച നായയോട് ഉപമിച്ചത്. തൊട്ടുപിന്നാലെ എൽ.ഡി.എഫ് നേതാക്കൾ സുധാകരനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു. എൽ.ഡി.എഫ് കൺവൻഷനിൽ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യ പരാമർശം യുഡിഎഫ് പ്രചാരണത്തിൽ സജീവ ചർച്ചയാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് എൽ.ഡി.എഫിന് സുധാകരന്റെ പരാമർശം വീണ് കിട്ടയ ആയുധമായത്.

മുഖ്യമന്ത്രി തന്നെ സുധാകരന് പ്രചാരണയോഗങ്ങളിൽ മറുപടി നൽകിയേക്കും. സുധാകരന്റെ പ്രസ്താവന യു.ഡി.എഫ് നേതാക്കൾ തള്ളി പറഞ്ഞിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഈ വിഷയത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളും തൃക്കാക്കരയിലെ പ്രചാരണത്തെ ചൂടുപിടിപ്പിച്ചിരിക്കുകായണ്.

Similar Posts