ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ല, എം.വി ഗോവിന്ദൻ സത്യം പറഞ്ഞുവെന്ന് മാത്രം: സാദിഖലി തങ്ങൾ
|യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ പലർക്കും പല മോഹങ്ങളുമുണ്ടാകുമെന്നും സാദിഖലി തങ്ങൾ
കോഴിക്കോട്: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശം എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് എംവി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. എം.വി ഗോവിന്ദൻ സത്യം പറഞ്ഞുവെന്ന് മാത്രം. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ പലർക്കും പല മോഹങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച് വരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന. ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''വർഗീയതയ്ക്കെതിരായ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വലിയ ഒരുമൂവ്മെന്റ് ഇന്ത്യയിൽ രൂപപ്പെട്ട് വരണം. അതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ശക്തിപ്പെടണം. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ ശക്തികളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നുള്ളതാണ് ലക്ഷ്യം. മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുക എന്നുള്ള നിലപാട് സ്വീകരിച്ചിട്ടേയില്ല. പല വിഷയങ്ങളിലും ലീഗെടുത്തിട്ടുള്ള നിലപാട് കോൺഗ്രസിന് അനകൂലമല്ല. നിയമസഭ പാസ്സാക്കിയ ബില്ലിന് ഒപ്പിട്ട് കൊടുക്കരുതെന്ന് പോലും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ഗവർണർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്''- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മുസ്ലിം ലീഗിനെ അനുകൂലിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശം ലീഗിലും കോൺഗ്രസിലും ചർച്ചയാവുകയാണ്. യു.ഡി.എഫിൽ ഭിന്നതയുണ്ടാക്കാനുള്ള നീക്കം നടക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. എംവി ഗോവിന്ദൻ പറഞ്ഞത് രാഷ്ട്രീയ യാഥാർഥ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീഗ് വർഗിയ പാർട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പ്രസ്താവനക്ക് മറുപടിയായാണ് മുസ്ലിം ലിഗ് സംസ്ഥാന അധ്യക്ഷൻറെ പ്രതികരണം. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമാണ് എംവി ഗോവിന്ദൻറെ പ്രതികരണമെന്നും, ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്താനാവില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു. ലീഗ് വിഷയത്തിൽ കോൺഗ്രസ് നിലപാട് സിപിഎം സമ്മതിച്ചുവെന്ന് പറഞ്ഞ കെ.മുരളീധരൻ എം.പി , ലീഗ് മുന്നണി വിട്ടാൽ യുഡിഎഫ് ദുർബലമാകുമെന്നും വിശദീകരിച്ചു.