Kerala
പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്; ടി.ജി മോഹൻദാസിന് കെ.എം ഷാജിയുടെ മറുപടി
Kerala

പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് ലീഗിനുണ്ട്; ടി.ജി മോഹൻദാസിന് കെ.എം ഷാജിയുടെ മറുപടി

Web Desk
|
13 Aug 2022 2:52 AM GMT

പാണക്കാട് തങ്ങൻമാർ എപ്പോഴും വളരെ മയത്തിലെ സംസാരിക്കൂ. അത് കണ്ട് അവർക്ക് മോദി ഫാസിസ്റ്റ് ആണെന്ന് അഭിപ്രായമില്ലെന്നു വിചാരിക്കണ്ട. അവർ പറയാൻ പറയുന്നതാണ് ഞങ്ങൾ ഈ പ്രസംഗിക്കുന്നത്.

കോഴിക്കോട്: മുസ്‌ലിം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന് പറഞ്ഞ ആർഎസ്എസ് ബൗദ്ധിക വിഭാഗം മുൻ തലവൻ ടി.ജി മോഹൻദാസിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് മുസ്‌ലിം ലീഗിനുണ്ടെന്ന് ഷാജി പറഞ്ഞു.

''ഞങ്ങളെ സുഖിപ്പിച്ചു നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് ഇഷ്ടായി, ലീഗ് തറവാടികളാണ്, വിശ്വസിക്കാൻ പറ്റുന്നവരാണ് തുടങ്ങി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. അതിൽ സംശയമൊന്നുമില്ല. പക്ഷെ അതിൽ നിങ്ങൾ ഒളിപ്പിച്ച വിഷം ഞങ്ങൾക്കറിയാം. ടി.ജി വലിയ ബുദ്ധിജീവി ആയിരിക്കും. പക്ഷെ പറഞ്ഞ പലതും മഹാ വിഡ്ഢിത്തമാണ്. കശ്മീരിൽ പിഡിപിയെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണു ചോദിക്കുന്നത്. ഞങ്ങളും പത്രം വായിക്കുന്നവരാണ്. ആ ഭരണത്തിന്റെ അവസാനം മെഹ്ബൂബ മുഫ്തി ജയിലിലായത്, ആ സംസ്ഥാനത്തെ വെട്ടിമുറിച്ചത്, ജമ്മുവിൽ കൂടുതൽ സീറ്റ് ഉണ്ടാക്കി ഭരണം പിടിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള വാർത്തകൾ ഒക്കെ ഞങ്ങളും പത്രത്തിൽ വായിച്ചവരാണ്''

''പാണക്കാട് തങ്ങൾ മോദിയെ ആക്ഷേപിക്കുന്നില്ല എന്നാണു പറയുന്നത്. കുറച്ചു ദിവസം സിപിഎം നേതാക്കളും പറഞ്ഞത് ഇതുപോലെ തന്നെയാണ്. ഞങ്ങളെ തങ്ങളൊന്നും പറയുന്നില്ലെന്നു. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. പാണക്കാട് തങ്ങൻമാർ എപ്പോഴും വളരെ മയത്തിലെ സംസാരിക്കൂ. അത് കണ്ട് അവർക്ക് മോദി ഫാസിസ്റ്റ് ആണെന്ന് അഭിപ്രായമില്ലെന്നു വിചാരിക്കണ്ട. അവർ പറയാൻ പറയുന്നതാണ് ഞങ്ങൾ ഈ പ്രസംഗിക്കുന്നത്. ബഹറിൽ മുസ്സല്ലയിട്ടു നിസ്‌കരിച്ചാലും ആർഎസ്എസിനെ വിശ്വസിക്കരുത് എന്ന് മഹാനായ സിഎച്ച് പറഞ്ഞത് ഒരു കാലത്തും മറക്കുന്നവരല്ല ലീഗ്'' - ഷാജി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടി.ജി മോഹൻദാസ് മുസ്‌ലിം ലീഗിനെ പുകഴ്ത്തി രംഗത്തെത്തിയത്. എന്റെ വിലയിരുത്തലിൽ കേരള രാഷ്ട്രീയത്തിലെ തറവാടികൾ മുസ് ലിം ലീഗാണ്. അവർ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓർക്കാപ്പുറത്ത് കാലുമാറുക, പുറകിൽനിന്ന് കുത്തുക, വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‌ലിം ലീഗുകാർ. ലീഗ് ഒരു കമ്മ്യൂണൽ പാർട്ടിയല്ല, ഒരു കമ്മ്യൂണിറ്റി പാർട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‌ലിം ലീഗ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിറച്ചു മുസ്‌ലിംകളുണ്ടാകും. അതവർ മുസ്‌ലിംകളായതുകൊണ്ടല്ല. മുസ്‌ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്മ്യൂണൽ എന്ന് വിളിക്കരുത്. ആർഎസ്എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാൽ പേഴ്‌സണൽ സ്റ്റാഫ് മുഴുവൻ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബിജെപിക്കാരനായതുകൊണ്ടാണ്. ആശ്രിതൻമാരാണ് ഒരുപാട് കഷ്ടപ്പെട്ടവരാണ്- മോഹൻദാസ് പറഞ്ഞു.

Similar Posts