Kerala
മുഈനലിക്ക് പിന്നില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും ചിലരുണ്ടെന്ന വിലയിരുത്തലില്‍ ലീഗ്
Kerala

മുഈനലിക്ക് പിന്നില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും ചിലരുണ്ടെന്ന വിലയിരുത്തലില്‍ ലീഗ്

ijas
|
10 Aug 2021 3:08 AM GMT

ഒരു സംസ്ഥാന ഭാരവാഹിയാണ് ചരടുവലികള്‍ക്ക് നേതൃത്വം കൊടുത്തതെന്ന് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നവര്‍ കരുതുന്നു

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുഈനലി തങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും ചിലരുണ്ടെന്ന വിലയിരുത്തലില്‍ മുസ്‍ലിം ലീഗ്. ഒരു സംസ്ഥാന ഭാരവാഹിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടപടി എടുപ്പിക്കാനുള്ള നീക്കം കുഞ്ഞാലിക്കുട്ടി പക്ഷം നടത്തുന്നുണ്ട്. മുഈനലിയെ തൊട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന് കെ.ടി ജലീല്‍ പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായതാണെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ആറ്റികുറുക്കി പറഞ്ഞതാണെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. അതിന് പിന്നില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ചില നേതാക്കളുണ്ട്. ഒരു സംസ്ഥാന ഭാരവാഹിയാണ് ചരടുവലികള്‍ക്ക് നേതൃത്വം കൊടുത്തതെന്ന് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്നവര്‍ കരുതുന്നു. മറ്റ് ചില പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും കൂടി ചൂണ്ടിക്കാട്ടി ആ ഭാരവാഹിക്കെതിരെ നടപടി എടുക്കാനാണ് നീക്കം. അവര്‍ക്കൊപ്പം എതിര്‍പാളയത്തിലുള്ള കെ.ടി ജലീല്‍ കൂടി ചേര്‍ന്നതോടെയാണ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയതെന്നാണ് നിഗമനം. മുഈനലിക്ക് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്‍റെ മറുപടിയിങ്ങനെയാണ്:

''മുഈനലിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ ഇവിടെ ഭൂകമ്പമുണ്ടാകുമെന്ന് പറഞ്ഞത് ലീഗുകാരല്ലല്ലോ. മുഈനലിയെ തൊടാന്‍ പാടില്ലെന്ന് പറഞ്ഞത് മുസ്‍ലിം ലീഗുകാരല്ലല്ലോ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരല്ലേ..അപ്പോ ഇതൊക്കെ എങ്ങനെയൊക്കെ ബന്ധപ്പെട്ട് കിടിക്കുന്നുവെന്ന് നോക്കാന്‍ വേറെയെവിടെയെങ്കിലും പോകണോ?''

അതേസമയം മുഈനലിക്കെതിരെ നടപടിയെടുത്താല്‍ ഏത് തരത്തില്‍ പ്രതികരിക്കുമെന്ന ഭയം ലീഗ് നേതൃത്വത്തിനും പാണക്കാട് കുടുംബത്തിനും ഇപ്പോഴുമുണ്ട്.

Similar Posts